റിയാദ്- ഇന്ത്യയിൽ കർഷക ജനവിഭാഗത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് റിയാദ് പാലക്കാട് ജില്ലാ കെ.എം.സി.സി പ്രവർത്തകർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്നേഹ വിചാരം എന്ന ഫാമിലി ഗാദറിംഗ് പരിപാടിയിലായിലായിരുന്നു ഐക്യദാർഢ്യ പ്രകടനം. സുലൈ ഇസ്തിറാഹയിൽ സംഘടിപ്പിച്ച ഫാമിലി ഗാദറിംഗ് സ്നേഹ വിചാരം എന്ന പരിപാടിയിൽ ട്രൈനർ ഷാഫി കരുവാരക്കുണ്ട് ഹാപ്പിനസ് എന്ന വിഷയത്തിൽ സംവദിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർമാരായ ഉസ്മാനലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ കെ.എം. സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവർ സന്നിഹിതരായിരുന്നു. മുതിർന്നവർക്കായി ഒരുക്കിയ ഷൂട്ട് ഔട്ട്, ബോൾ ഔട്ട്, വടംവലി, സ്ലോ സൈക്ലിംഗ്, കുട്ടികൾക്കായി ഒരുക്കിയ സ്വീറ്റ് കളക്ഷൻ, ബലൂൺ ബ്ലാസ്റ്റിംഗ്, കുടുംബിനികൾക്കായി ഒരുക്കിയ മ്യൂസിക് ചെയർ, വാട്ടർ ഫില്ലിംഗ്, സ്പൂൺ റൈസിംഗ് തുടങ്ങിയ മത്സര ഇനങ്ങളും മുതിർന്നവരും കുട്ടികളും കുടുംബിനികളും ഒന്നടങ്കം പങ്കെടുത്ത പാട്ടിരുത്തവും പരിപാടിക്ക് ആവേശം പകർന്നു. മുനീർ ശങ്കരമംഗലം, മുജീർ പട്ടാമ്പി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. അഞ്ചു ഗ്രൂപ്പുകളായി തിരിച്ച മത്സരങ്ങളിൽ ലത്തീഫ് പട്ടാമ്പി നേതൃത്വം നൽകിയ ഗ്രീൻ ഗ്രൂപ്പ് ജേതാക്കളായി. മുനീർ തൃക്കടീരി, ഹനീഫ പട്ടാമ്പി, സാദിക്ക് തൃത്താല, റിയ ഫാത്തിമ എന്നിവർ ഗ്രൂപ്പ് ലീഡർമാരായിരുന്നു.
കുടുംബിനികൾക്കിടയിൽ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിന് ജില്ലയിലെ വനിതാ പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കെ.എം.സി.സി വനിതാ വിംഗ് രൂപീകരിച്ചു. മുത്തുകുട്ടി തരൂർ, മുഹമ്മദ് കുട്ടി തൃത്താല, ബാദുഷ ഷൊർണൂർ, മുഹമ്മദ് അലി വാഫി പട്ടാമ്പി, സൈദ് തൃക്കടീരി ഷുഹൈബ് ചുണ്ടമ്പറ്റ, റഷീദ് തൃത്താല ഫഹദ് കൊടുമുണ്ട, നജീബ് ചൂരക്കോട്, ബഷീർ പനമണ്ണ എന്നിവർ നേതൃത്വം നൽകി.