ഷാര്‍ജ- പോലീസ് ആള്‍മാറാട്ടക്കാരുടെ പ്രശ്‌നം നേരിടാന്‍ ഷാര്‍ജ പോലീസ് ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് തട്ടിപ്പ് നടത്തിയ നിരവധി ആള്‍മാറാട്ടക്കാരെ അറസ്റ്റ് ചെയ്തതിന്റെ വെളിച്ചത്തിലാണ് ഇത്.
'നിങ്ങള്‍ വഞ്ചനയ്ക്ക് ഇരയാകുന്നതിനുമുമ്പ് ശ്രദ്ധാലുവായിരിക്കുക'” എന്ന പ്രചാരണ പരിപാടി പോലീസ് ആള്‍മാറാട്ടക്കാരുടെ അപകടത്തെക്കുറിച്ച് എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളിലും അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ടാണ്. പോലീസ് ആള്‍മാറാട്ടക്കാരില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണ്, അവര്‍ പണം, മൊബൈല്‍ ഫോണുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കവര്‍ന്നെടുക്കാന്‍ പോലീസുകാരായി നടിച്ച് രംഗത്തെത്തുന്നു.
ഈ ആള്‍മാറാട്ടക്കാര്‍ പ്രധാനമായും ഷാര്‍ജയിലെ വ്യാവസായിക മേഖലകളിലെയും മറ്റ് മേഖലകളിലെയും ആളുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ക്രിമിനല്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഒമര്‍ സുല്‍ത്താന്‍ ബുവല്‍സോഡ് പറഞ്ഞു.
സ്വയം എങ്ങനെ മികച്ച രീതിയില്‍ പരിരക്ഷിക്കാമെന്നും യഥാര്‍ഥവും വ്യാജവുമായ പോലീസ് തമ്മിലുള്ള വ്യത്യാസം ഓരോ വ്യക്തിയും എങ്ങനെ അറിയണമെന്നും കാമ്പെയ്ന്‍ ബോധവല്‍ക്കരിക്കുകയും അറിയിക്കുകയും ചെയ്യും.