ന്യൂസിലാന്റിന് തകർപ്പൻ വിജയം
രാജ്‌കോട് - രണ്ടാം മത്സരത്തിൽ ഇന്ത്യയെ 40 റൺസിന് ന്യൂസിലാന്റ് കശക്കി വിട്ടതോടെ ട്വന്റി20 പരമ്പരയിൽ കിരീട വിജയം ആർക്കെന്ന് കേരളത്തിൽ നിർണയിക്കും. ചൊവ്വാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് അവസാന മത്സരം. ആദ്യ കളി ഇന്ത്യ ജയിച്ചിരുന്നു. ഓപണർ കോളിൻ മൺറോയുടെ തട്ടുതകർപ്പൻ സെഞ്ചുറിയിലൂടെയാണ് (58 പന്തിൽ 109 നോട്ടൗട്ട്) രണ്ടാം മത്സരത്തിൽ ന്യൂസിലാന്റ് തിരിച്ചടിച്ചത്. രണ്ടിന് 196 എന്ന അവരുടെ പടുകൂറ്റൻ സ്‌കോർ സൃഷ്ടിച്ച സമ്മർദ്ദത്തിൽ ഇന്ത്യക്ക് മുട്ടിടിച്ചു. വിരാട് കോഹ്‌ലിയും മഹേന്ദ്ര ധോണിയും ഒഴികെ ആർക്കും ആഞ്ഞടിക്കാൻ സാധിക്കാതിരുന്നതോടെ ഏഴിന് 156 ൽ ഇന്ത്യയുടെ മറുപടി ഒതുങ്ങി. മൂന്നോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമെടുത്ത മൺറോയാണ് മാൻ ഓഫ് ദ മാച്ച്.
രാജ്യാന്തര ട്വന്റി20 യിൽ മൺറോയുടെ രണ്ടാം സെഞ്ചുറി വെറും 54 പന്തിലായിരുന്നു. മാർടിൻ ഗപ്റ്റിനൊപ്പം (41 പന്തിൽ 45) ഒന്നാം വിക്കറ്റിൽ പതിനൊന്നോവറിൽ മൺറൊ 105 റൺസ് ചേർത്തു. സിറാജിനു പകരക്കാരനായി ബൗളിംഗിന് വന്ന യുസ്‌വേന്ദ്ര ചാഹലിനെ ആദ്യ ഓവറിൽ ഇരട്ട സിക്‌സറിനും ബൗണ്ടറിക്കും ഉയർത്തി ഗപ്റ്റിൽ ഇന്ത്യയുടെ പദ്ധതി കാറ്റിൽ പറത്തി. ഇന്ത്യയുടെ ഫീൽഡിംഗ് പരിതാപകരമായിരുന്നു. മൺറോയെ 45 ലും 79 ലും ഫീൽഡർമാർ കൈവിട്ടു. പത്തോവറിൽ വിക്കറ്റ് പോവാതെ 83 റൺസിലെത്തിയ സന്ദർശകർ അവസാന പത്തോവറിൽ 113 റൺസ് വാരി. അവസാന 34 പന്തിൽ മൺറോയും ടോം ബ്രൂസും (18) വാരിക്കൂട്ടിയത് 56 റൺസായിരുന്നു. ഭുവനേശ്വർകുമാറിനോടും ജസ്പ്രീത് ബുംറയോടും ആദരവ് കാണിച്ച കിവീസ് ബാറ്റ്‌സ്മാന്മാർ മറ്റു ബൗളർമാരെയെല്ലാം കശക്കിയെറിഞ്ഞു. പെയ്‌സ്ബൗളർ മുഹമ്മദ് സിറാജ് അരങ്ങേറ്റത്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ (9 പന്തിൽ 12) വിക്കറ്റെടുത്തെങ്കിലും നാലോവറിൽ വിട്ടുകൊടുത്തത് 53 റൺസായിരുന്നു.
നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി രോഹിത് ശർമ മറുപടി ഗംഭീരമായാണ് ആരംഭിച്ചത്. എന്നാൽ ട്രെന്റ് ബൗൾട് തന്റെ ആദ്യ ഓവറിൽ രോഹിതിനെ (5) ബൗൾഡാക്കുകയും ശിഖർ ധവാനെ (1) കീപ്പറുടെ കൈയിലെത്തിക്കുകയും ചെയ്തു. രണ്ടിന് 11 ൽ ഇന്ത്യയുടെ തുടക്കം അലങ്കോലമായി. കോഹ്‌ലി (42 പന്തിൽ 65) ശ്രേയസ് അയ്യരുമൊത്തുള്ള (21 പന്തിൽ 23) കൂട്ടുകെട്ടിൽ അർധ ശതകം തികച്ചെങ്കിലും വേണ്ട റൺനിരക്ക് കുത്തനെയുയർന്നു. ശ്രേയസിനെ മൺറൊ സ്വന്തം ബൗളിംഗിൽ പിടിച്ചു. ഈശ് സോധിയുടെ മനോഹരമായ ഗൂഗ്ലിയിൽ ഹാർദിക് പാണ്ഡ്യയുടെ (1) സ്റ്റമ്പുകൾ കടപുഴകി. അവസാന 42 പന്തിൽ 100 റൺസ് വേണമെന്നിരിക്കെ സാഹസിക ഷോട്ടിനു ശ്രമിച്ച കോഹ്‌ലി സ്പിന്നർ മിച്ചൽ സാന്റ്‌നർക്ക് മുന്നിൽ കീഴടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. രണ്ടാം സ്‌പെല്ലിൽ ധോണിയെയും (37 പന്തിൽ 49) അക്‌സർ പട്ടേലിനെയും (5) പുറത്താക്കിയ ബൗൾടിന് നാലു വിക്കറ്റ് ലഭിച്ചു.