Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് വാക്‌സിൻ ഒരുക്കങ്ങൾ തുടങ്ങി; ഇരുപത് ദിവസങ്ങൾക്കിടയിൽ രണ്ടു ഡോസ് വീതം

റിയാദ് - സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.  പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എൻടെക് വാക്‌സിൻ രാജ്യത്തെത്തിക്കാൻ കഴിഞ്ഞ ദിവസം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ)അനുമതി നൽകിയതിനെ തുടർന്നാണിത്.
വിമാനങ്ങളിൽ കൊണ്ടുവരുന്ന വാക്‌സിനുകൾ സ്വീകരിക്കാൻ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ഡോസ് നൽകി ഇരുപത് ദിവസത്തിനകം രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടി വരും. പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും വാക്‌സിൻ നൽകേണ്ട രീതിയും മറ്റും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ നൽകുന്നതിന് മുമ്പ് പ്രത്യേക പരിശോധന ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി പറഞ്ഞു. എന്നാൽ ചില രോഗികൾക്ക് അവരുടെ രോഗവിവരങ്ങൾ പരിശോധിച്ച ശേഷമേ വാക്‌സിൻ നൽകുകയുള്ളൂ. വിശദമായ പഠനത്തിന് ശേഷമാണ് ഫൈസറിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ നൽകിയ ശേഷവും രാജ്യത്തെ വ്യാപനനിരക്ക് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കും. 
കോവിഡ് വാക്‌സിൻ സംബന്ധിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മറ്റു വാക്‌സിനുകളെ പോലെയാണിതെന്നും സാംക്രമിക രോഗ വിദഗ്ധൻ നിസാർ ബാഹ്ബരി പറഞ്ഞു. വിദഗ്ധ ആരോഗ്യസമിതിയുടെ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് വാക്‌സിൻ സൗദിയിലെത്തുന്നത്. മൂന്നു ഘട്ടമായാണ് രാജ്യത്ത് കോവിഡ് വാക്‌സിൻ നൽകാനിരിക്കുന്നത്.  അടുത്ത വർഷത്തിന്റെ ആദ്യ പാദം, രണ്ടാം പാദം, മൂന്നാം പാദം എന്നിങ്ങനെയാണ് ആരോഗ്യമന്ത്രാലയം തിരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചവർ, പ്രായമായവർ, ജീവിത ശൈലി രോഗബാധിതർ എന്നിവർക്കാണ് മുൻഗണന. പിന്നീട് മറ്റുള്ളവർക്ക് നൽകും. വാക്‌സിൻ പരീക്ഷിച്ചവരിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Latest News