തൃശൂർ- കോൺഗ്രസ് പ്രവർത്തകന് നേരെ അനിൽ അക്കരയുടെ വധഭീഷണിയെന്ന് പരാതി. അടാട്ട് സ്വദേശി കെ.സത്യനാണ് അനിൽ അക്കര കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് ഫലം വരുന്ന പതിനാറാം തീയതിയ്ക്കുള്ളിൽ തീർത്തു കളയുമെന്നാണ് അനിൽ അക്കര ഭീഷണിപ്പെടുത്തിയതെന്ന് കെ.സത്യൻ പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് നാലരയ്ക്ക് പുറനാട്ടുകര പോസ്റ്റ് ഓഫീസിന് സമീപമുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് എംഎൽഎ വധഭീഷണി മുഴക്കിയത്. തനിക്ക് പുറമെ കോൺഗ്രസ് പ്രവർത്തകനായ വിനോദ് കുമാർ എന്നയാൾക്ക് നേരെയും അനിൽ അക്കര ഭീഷണി മുഴക്കിയെന്ന് സത്യൻ പറഞ്ഞു. 'പതിനാറാം തീയതി കഴിഞ്ഞാൽ കാച്ചിക്കളയും. കയ്യും കാലും വെട്ടിക്കളയും' എന്നിങ്ങനെയായിരുന്നു ഭീഷണി എന്നാണ് പരാതി.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഭീഷണിയെന്നും സത്യന്റെ പരാതിയിൽ പറയുന്നു. ഭീഷണി കേട്ട് സമീപത്തുള്ളവർ ഓടി വരികയും എംഎൽഎയെ പിടിച്ചുമാറ്റുകയുമാണ് ചെയ്തത്. അനിൽ അക്കരയ്ക്ക് നാട്ടിൽ അറിയപ്പെടുന്ന ഗുണ്ടകളുടെ സ്വാധീനമുണ്ട്. അതുകൊണ്ട് പോലീസ് സംരക്ഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പ് പ്രവർത്തകരാണ് സത്യനും വിനോദും. വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായി നേരത്തെ സത്യൻ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും അവസാനം ഗ്രൂപ്പ് നിർദേശം മാനിച്ച് പിൻവലിക്കുകയായിരുന്നു.