Sorry, you need to enable JavaScript to visit this website.

ഇടതു മുന്നണിക്കെതിരെ പരസ്യ പ്രസ്താവനയുമായി എൻ.സി.പി

കോട്ടയം- തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഇടതുമുന്നണി നേതൃത്വത്തിനെതിരെ ഘടകകക്ഷി എൻ.സി.പി രംഗത്തു വന്നു. ഇതോടെ എൻ.സി.പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടു. സീറ്റ് വിഭജനത്തിൽ കടുത്ത അവഗണനയായിരുന്നുവെന്നും, ജോസ് കെ. മാണിയുടെ വരവോടെ എൻ.സി.പിക്ക് വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നും മാണി സി. കാപ്പൻ പരസ്യപ്രസ്താവന നടത്തി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ഇടതുമുന്നണിയിൽ കടുത്ത അവഗണന നേരിട്ടുവെന്ന് പരസ്യപ്രസ്താവനയുമായി എൻ.സി.പി നേതാവ് മാണി സി. കാപ്പൻ എം.എൽ.എ ഇന്നലെയാണ് രംഗത്തു വന്നത്. പാലാ മുൻസിപ്പാലിറ്റി സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫ് തഴഞ്ഞു. സീറ്റ് വിഭജനത്തിൽ എൻ.സി.പിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 9 പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടിയയാളാണ് താൻ. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് രണ്ട് സീറ്റാണ്. 


കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നാനൂറു സീറ്റിൽ മത്സരിച്ച തങ്ങൾക്ക് ഇത്തവണ 165 സീറ്റുകളാണ് ലഭിച്ചത്. ഇത് കടുത്ത അവഗണനയാണ്. ഇതിൽ അതൃപ്തിയുണ്ട്. അടുത്ത മുന്നണി യോഗത്തിൽ ഇത് പ്രകടിപ്പിക്കുമെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. ഇനി തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയുടെ വരവോടെ എൻ.സി.പിക്ക് വലിയ വിട്ടുവീഴ്ച നടത്തേണ്ടിവന്നിരുന്നു. കോട്ടയം ജില്ലയിൽ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എൻ.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു.


കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ എൽ.ഡി.എഫിൽ എടുക്കാൻ തീരുമാനിച്ചതു മുതൽ മാണി സി. കാപ്പൻ അതൃപ്തി പല തവണ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കേരള കോൺഗ്രസിന്റെ വരവ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെയും പരോക്ഷ പ്രതികരണവുമായി മാണി സി. കാപ്പൻ എത്തിയിരുന്നു. കേരള കോൺഗ്രസ് മാത്രമല്ല, എല്ലാ കക്ഷികളും നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്നായിരുന്നു കാപ്പന്റെ പ്രതികരണം.


അതേസമയം, എൻ.സി.പിയെ അവഗണിച്ചെന്ന വാദം തള്ളി സി.പി.എം രംഗത്തെത്തി. പാലായിൽ എൻ.സി.പിക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും കേരള കോൺഗ്രസിന്റെ വരവോടെ ഇടതുമുന്നണിയിലെ എല്ലാ കക്ഷികൾക്കും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെന്നും സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു.
അതേസമയം എൻ.സി.പി യു.ഡി.എഫിലേക്ക് ചേക്കാറാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ജോസ് കെ. മാണി ഇടതുമുന്നണിയിൽ എത്തിയതോടെ പാലാ സീറ്റു പോലും അടുത്ത തവണ കാപ്പന് കിട്ടാൻ ഇടയില്ല. കാരണം കേരള കോൺഗ്രസ് എമ്മിന്റെ അഭിമാന സീറ്റാണ് പാലാ. അത് കേരള കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടിവരുമെന്ന് കാപ്പന് അറിയാം. അതുമുന്നിൽ കണ്ടാണ് ഇപ്പോഴേ അതൃപ്തി പരസ്യമാക്കിയത്. ഇടതുമുന്നണി ശക്തമായ രീതിയിൽ വിഷയത്തെ എതിർത്താൽ യു.ഡി.എഫിലേക്ക് പോകാനാണ് പരിപാടി. ഇതിനായി ശരദ് പവാർ വഴി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.

Latest News