ദുബായ്- കോവിഡ് കാല ഓണ്‍ലൈന്‍ ജോലി, വര്‍ക് ഫ്രം ഹോം സംവിധാനത്തെ ശരിയായി വിലയിരുത്താന്‍ കമ്പനികളേയും സര്‍ക്കാരുകളേയും സഹായിച്ചു. ദുബായില്‍നിന്ന് അതിന്റെ ആദ്യ പ്രതിഫലനമുണ്ടാകുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് (വര്‍ക്ക് ഫ്രം ഹോം) ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് അംഗീകാരം.
ആളുകള്‍ക്ക് എവിടെയിരുന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക വഴി ഭാവിയില്‍ കൂടുതല്‍ തസ്തികകള്‍ രൂപപ്പെടുകയും ചെയ്യുമെന്നും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ദുബായ് ഗവ.ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി സായിദ് അല്‍ ഫലാസി പറഞ്ഞു.