ഗെയ്ൽ പൈപ്പ് ലൈൻ വിരുദ്ധ സമരം ശക്തമാകുകയാണ്. സമരമേഖലകളിലെ മിക്കവാറും ജനങ്ങൾ പദ്ധതിക്കെതിരാണ്. സിപിഎം നേതാക്കൾ സമരത്തിനെതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും അവരുടെ അണികൾ അസ്വസ്ഥരാണ്. സമരം ചെയ്യുന്നവരെയെല്ലാം തീവ്രവാദികളായി ആരോപിക്കുകയും ഒരു ജില്ലയെ തന്നെ തീവ്രവാദി ജില്ലയാക്കുകയും ചെയ്യുന്ന തികച്ചും അപകടകരമായ സമീപനമാണ് സിപിഎം പിന്തുടരുന്നത്. പുതുവൈപ്പിൻ ജനതയുടെ സമരത്തേയും ഇത്തരത്തിൽ ചിത്രീകരിച്ചിട്ട് അധികം ദിവസമായില്ല. ഈ സമരങ്ങളെയെല്ലാം പിന്തുണക്കുന്ന വി.എസ് മുതൽ സുധീരൻ വരെയുള്ള നേതാക്കളേയും അതിൽ ഉൾപ്പെടുത്തുമോ എന്നറിയില്ല.
വ്യക്തമായ കാരണങ്ങൾ നിരത്തിതന്നെയാണ് ജനങ്ങൾ സമരത്തിനിറങ്ങിയിട്ടുള്ളത്. എല്ലാവരുടെയും വികസനത്തിനുമെന്നു പറഞ്ഞ് നടപ്പാക്കുന്ന മിക്ക പദ്ധതികളിലേയും ഇരകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകിയിട്ടില്ല എന്ന പൊതു പശ്ചാത്തലം പ്രധാനമാണ്. കേരളം പോലെ ജനസാന്ദ്രതയുള്ള പ്രദേശത്തെ പദ്ധതികൾ എങ്ങനെയാവണമെന്നത് മറ്റൊരു പ്രശ്‌നം. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് മുൻസർക്കാർ പോലും ചെയ്യാത്ത രീതിയിൽ സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ പിണറായി സർക്കാർ ശ്രമിക്കുന്നത്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും കേരള വ്യവസായ വികസന കോർപ്പറേഷനും ചേർന്ന് 3700 കോടി രൂപ ചിലവിൽ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി. 2007 ൽ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോർപ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രൊജക്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഗെയ്ൽ പദ്ധതി നടപ്പാക്കുന്നത്. എൽഎൻജി ടെർമിനലിന്റെയും പുതുവൈപ്പിനിൽ നിന്ന് അമ്പലമുകളിലേക്കുള്ള പൈപ്പ് ലൈൻ ആണ് ആദ്യഘട്ടം. അത് പൂർണ്ണമായി. രണ്ടാമത്തെ ഘട്ടമാണ് കെകെഎംബി പദ്ധതി (കൊച്ചി - കൂറ്റനാട് - മംഗലാപുരം - ബംഗളൂരു). അതാണ് ഇപ്പോൾ തർക്കവിഷയമായിട്ടുള്ളത്. കായംകുളം താപ വൈദ്യുതി നിലയത്തിലേക്കുള്ള പൈപ്പ് ലൈൻ പദ്ധതിയാണ് മൂന്നാം ഘട്ടം. പാചകാവശ്യത്തിനല്ല, വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള എൽഎൻജി കൊച്ചിയിലെ എൽഎൻജി ടെർമിനലിൽ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്ന പദ്ധതിയാണ് രണ്ടാം ഘട്ടം. മാംഗ്ലൂർ റിഫൈനറി & പെട്രോ കെമിക്കൽസ് ലി, കുതിരേമുഖ് അയേൺ ഓർ കമ്പനി ലി., മഹാനദി കോൾ ഫീൽഡ് ലിമിറ്റഡ് എന്നീ വ്യവസായ സ്ഥാപനങ്ങൾക്ക് ഇന്ധനമായി ഉപയോഗിക്കാനാണ് കെകെഎംബി പദ്ധതി. 1962 ലെ സെക്ഷൻ 7 എ, ബി, സി വകുപ്പുകൾ പ്രകാരം ജനവാസ മേഖലയിലൂടെയോ ഭാവിയിൽ ജനവാസ പ്രദേശമാകാൻ സാധ്യതയുള്ളിടത്തിലൂടെയോ ഇത്തരം പൈപ്പ് ലൈൻ സ്ഥാപിക്കാൻ പാടില്ല എന്ന വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് സമരക്കാർ പറയുന്നു. കടലിലൂടെ സ്ഥാപിക്കാനുദ്ദേശിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കോർപ്പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പദ്ധതി പൂർത്തീകരിക്കാനുള്ള മാർഗവുമായാണ് നിയമം അട്ടിമറിച്ച് ജനവാസ മേഖലകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. പദ്ധതി പ്രകാരം 1114 കിലോ മീറ്റർ പൈപ്പ് ലൈൻ ആണ് സ്ഥാപിക്കാൻ പോകുന്നത്. കേരളത്തിൽ ഏതാണ്ട് 500 കി. മീ. നീളത്തിലാണ് പദ്ധതി കടന്നുപോകുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകൾ ഒന്നര മീറ്റർ ആഴത്തിൽ സ്ഥാപിക്കുന്നതിന് 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 1962 ലെ പിഎംപി ആക്ട് പ്രകാരമാണ് ഈ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്. മറ്റ് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി കൈവശാവകാശം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമായിരിക്കുന്നതാണ് ഈ നിയമം. ഭൂമിയുടെ ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ഭൂമിയിലുള്ള അധികാരത്തിന് നഷ്ടപരിഹാരമായി നൽകുന്നത്. ഈ ഭൂമിയിൽ മരം നടാനോ കിണർ കുഴിക്കാനോ മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്താനോ പാടില്ല. വേരിറങ്ങാത്ത പച്ചക്കറി കൃഷി തുടങ്ങിയവക്ക് മാത്രമേ സ്ഥലം ഉപയോഗിക്കാൻ പാടുള്ളൂ. പൈപ്പ് ലൈനിന്റെ സുരക്ഷ സ്ഥലം ഉടമയുടെ ചുമതലയിലുമാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ഭൂമി നഷ്ടപ്പെടുന്ന ആരാണ് പദ്ധതിക്കെതിരെ രംഗത്തു വരാതിരിക്കുക? എറണാകുളത്തും തൃശൂരും കാര്യമായ പ്രതിഷേധമുണ്ടാകാത്തതിനാൽ മറ്റു ജില്ലക്കാരും സമരം ചെയ്യരുതെന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത്? സത്യത്തിൽ എറണാകുളത്ത് ഈ സമരങ്ങൾക്ക് ഇപ്പോഴത്തെ ഭരണകക്ഷി തന്നെ നേതൃത്വം നൽകിയിരുന്നു. തൃശൂർ ജില്ലയിലും സമരം ശക്തമായിരുന്നു.
എന്നാൽ, ഈ രണ്ട് ജില്ലകളിലും താരതമ്യേന ജനവാസ കേന്ദ്രങ്ങളിലൂടെയല്ല പൈപ്പ് ലൈൻ കടന്നു പോകുന്നത്. തൃശൂർ ജില്ലയിൽ കോൾനിലങ്ങളിലൂടെയാണ് പൈപ്പ് ലൈൻ കൂടുതലും കടന്നുപോകുന്നത്. കൂറ്റനാടാണ് ഈ പൈപ്പ് ലൈൻ മംഗലാപുരത്തേക്കും ബാംഗ്ലൂർക്കുമായി തിരിയുന്നത്. ഇവിടെ ഒരു വയലിലാണ് ഇതിന്റെ കൺട്രോൾ വാൽവിന് വേണ്ടിയുള്ള പ്ലാന്റ് നിർമിക്കുന്നത്. ഈ കർഷകർ സമരം ചെയ്തത് രണ്ട് കാര്യങ്ങൾക്കാണ്. ഒന്ന് പലർക്കും നോട്ടിഫിക്കേഷൻ പോലും നൽകാതെ അവരുടെ വയലിലൂടെ പൈപ്പിട്ടു. രണ്ട്, ഈ വയലിലേക്ക് വെള്ളമെത്തിയിരുന്ന ഒരു തോട് പൈപ്പ് ലൈനിടുന്നവർ അടച്ചു കളഞ്ഞു. ഇതിനെതിരെയായിരുന്നു അവിടെ സമരം. ആ സമരത്തെ അന്ന് ലാത്തിയുപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയാണ് പോലീസ് ചെയ്തത്. ആ പ്രദേശത്തുള്ളവർ പ്രകൃതിവാതകത്തിനോ പൈപ്പ് ലൈൻ ഇടുന്നതിന് പോലുമോ എതിരായിരുന്നില്ല. മലപ്പുറം ജില്ല ജനസാന്ദ്രതയേറിയ ജില്ലയാണ്. സ്വാഭാവികമായും എതിർപ്പുണ്ടാകും. സമരം ഏറ്റവും ശക്തമായതും അവിടെ തന്നെയാണ്. കോഴിക്കോടും സമരം രൂക്ഷമാകാനാണ് സാധ്യത. ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്ന വിഷയത്തിലും ഈ പ്രദേശങ്ങളിൽ സമരം ശക്തമായിരുന്നു.
പ്രതിപക്ഷത്തായിരിക്കുമ്പോൾ പദ്ധതികൾക്കെതിരെ സമരമാരംഭിക്കുകയും അധികാരത്തിലെത്തിയാൽ നിലപാടു മാറ്റുകയും ജനതാൽപര്യം കണക്കിലെടുക്കാതെ സമരങ്ങളെ അടിച്ചമർത്തുകയും സമരക്കാർക്ക് തീവ്രവാദി പട്ടം ചാർത്തിക്കൊടുക്കുകയും ചെയ്യുന്ന സമീപനം തന്നെയാണ് സിപിഎം ഇവിടേയും തുടരുന്നത്. തീവ്രവാദികൾക്കെതിരെ കേരളത്തിൽ ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന എം.എൻ കാരശ്ശേരിപോലും താൻ സമരത്തിനൊപ്പമാണെന്ന് പറയുന്നു. സ്വാശ്രയ കോളേജ്, പുതുവൈപ്പിൻ, സ്മാർട്ട് സിറ്റി, ലോകബാങ്ക്, ഐഎംഎഫ് പദ്ധതികൾ, എക്സ്പ്രസ്സ് ഹൈവേ, കൂടംകുളം, ആറന്മുള, വിഴിഞ്ഞം തുടങ്ങി എത്രയോ പദ്ധതികളുമായി ബന്ധപ്പെട്ട് ഈ സമീപനം കേരളം കണ്ടു. അതിന് മുമ്പ് ട്രാക്ടറും കമ്പ്യൂട്ടറും ടിപ്പറും വേണ്ട എന്നു പറഞ്ഞും ഒരുപാട് സമരങ്ങൾ കണ്ടു. ഈ സമീപനം തിരുത്താൻ എന്നാണ് പാർട്ടി തയ്യാറാകുക? ഇരകളുടെ ആശങ്കകൾ അകറ്റിയും അവർക്കു മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകിയുമല്ലാതെ നടത്തുന്ന പദ്ധതികൾക്ക് എന്തു വികസനത്തിന്റെ മുഖം നൽകിയാലും മനുഷ്യാവകാശലംഘനമാണ്. ഇവിടേയും അതങ്ങനെതന്നെ.