റിയാദ് - മൂന്നാമത് കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് സന്ദർശിച്ചു. ഉത്തര റിയാദിലെ മൽഹമിൽ ഫാൽക്കൺ ഫെസ്റ്റിവൽ പ്രദേശത്ത് സൗദി ഫാൽക്കൺ ക്ലബ്ബ് ആണ് ഫാൽക്കൺ മേള സംഘടിപ്പിക്കുന്നത്. നവംബർ 28 ന് ആരംഭിച്ച ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീലവീണു.
ഫെസ്റ്റിവൽ നഗരിയിലെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനരീതി, വിധിനിർണയ സംവിധാനം, വേഗവും ദൂരവും അളക്കാനുള്ള ഉപകരണങ്ങൾ, സമയം കണക്കാക്കി തുടങ്ങുന്ന രീതി, മത്സര രീതി, സ്ഥാനങ്ങൾ നിർണയിക്കുന്ന സംവിധാനം എന്നിവ അംബാസഡർ വീക്ഷിച്ചു. ഫെസ്റ്റിവലിൽ പങ്കടുക്കുന്ന വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളും അംബാസഡർ സന്ദർശിച്ചു. രസകരമായ ഈ സംസ്‌കാരത്തെ കുറിച്ച വിലയേറിയതും പ്രയോജനപ്രദവുമായ വിവരങ്ങൾ ആർജിക്കാൻ സന്ദർശനം സഹായിച്ചതായി അംബാസഡർ പറഞ്ഞു. ഇത്തരമൊരു ബൃഹത്തും സൂക്ഷ്മവുമായ മത്സരം സംഘടിപ്പിക്കുന്നത് സൗദി ഫാൽക്കൺ ക്ലബ്ബിന്റെ നേട്ടമാണെന്നും ഡോ. ഔസാഫ് സഈദ് പറഞ്ഞു.