Sorry, you need to enable JavaScript to visit this website.

കാരുണ്യ നിറദീപം  

കേരള മുസ്‌ലിം കൾച്ചറൽ സെന്റർ എന്ന കെ.എം.സി.സിയെ  അതുല്യവും അനിതര സാധാരണവുമായ ഒരു പ്രസ്ഥാനമായാണ് ലോകം കാണുന്നത്. ലക്ഷോപലക്ഷം മലയാളികളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പ്രസ്ഥാനത്തിന്റെ സ്‌നേഹ സാന്ത്വനം കടന്നുവന്നിട്ടുണ്ടാകും. സങ്കീർണമായ പ്രശ്‌നങ്ങളുടെ നടുക്കടലിൽ മുങ്ങിത്താഴുമ്പോൾ ഒരു കൈത്താങ്ങായി ജീവിതക്കരയിലേക്ക് കൈപിടിച്ചുയർത്തിയ അനുഭവം പലർക്കുമുണ്ട്. ഗൾഫ് നാടുകളിൽ കാരാഗൃഹത്തിന്റെ ഇരുൾവഴികളിൽ ചെന്നു പെട്ടവരെ മോചിപ്പിക്കുന്ന കച്ചിത്തുരുമ്പായി, ജോലി നഷ്ടപ്പെട്ടവർക്ക് അഭയമായി, കടക്കെണിയിലോ ചതിയിലോ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവരെ പ്രതീക്ഷയുടെ വാതായനം കാണിച്ചുകൊടുത്ത് നാട്ടിലേക്ക് കയറ്റി അയക്കുന്ന നിലയിൽ, പ്രളയമോ മറ്റു ദുരന്തങ്ങളോ കേരളത്തെ പരിധിവിട്ട് പരീക്ഷിക്കുമ്പോൾ ഉടുതുണിക്ക് മറുതുണിയായി അത്തറിന്റെ മണമുള്ള കാർഗോ പെട്ടികളായി, ഏതോ വിജനതയിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ അന്ത്യകർമങ്ങൾ ഏറ്റെടുക്കുന്ന അടുത്തൂണുകളായി... അങ്ങനെ എണ്ണമറ്റ തുറകളിൽ പ്രതീക്ഷയുടെ കെടാവിളക്കായി ഈ പ്രസ്ഥാനം നാല് പതിറ്റാണ്ടായി മലയാളിയുടെ മറുനിഴൽ പോലെ നിലകൊള്ളുന്നു. 
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി. ഏകദേശം ഏഴ് ലക്ഷം സജീവ അംഗങ്ങളുള്ള മറ്റേതൊരു പ്രവാസി പ്രസ്ഥാനം വേറെയില്ല. ഇന്റർനാഷൻ എന്നറിയപ്പെടുന്ന, അഞ്ചുലക്ഷത്തിൽ താഴെ  അംഗങ്ങളായ ഒരു സംഘടനയാണ് രേഖകളിൽ ഒന്നാമതായി കണക്കാക്കപ്പെടുന്നത്. അതിന്റെ ഇരട്ടിയോളം അംഗങ്ങളുള്ള, ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തുനിന്നും ലോകമൊന്നാകെ പടർന്നു പന്തലിച്ചിരിക്കുന്ന കെ.എം.സി.സി പക്ഷേ, രേഖകളിലോ സെർച്ച് എൻജിനുകളിലോ ഒന്നാമതായി പരാമർശിക്കപ്പെടാറില്ല. 


കെ.എം.സി.സിയുടെ കാരുണ്യ പ്രവാഹം പക്ഷേ, കുലംകുത്തി പ്രവഹിക്കാറില്ല. ഒരു പൂഞ്ചോല കണക്കെ, മന്ദമാരുതന്റെ തഴുകിത്തലോടൽ പോലെയാണത്. നിരന്തരം ഒരു ചാക്രിക വലയത്തിനകത്ത് പ്രവർത്തിക്കുന്നതിനാൽ എണ്ണയിട്ട യന്ത്രം കണക്കേ ഓടിക്കൊണ്ടേയിരിക്കും. ദശാബ്ദങ്ങൾക്കപ്പുറം ഏറ്റെടുത്ത പല കാരുണ്യ പദ്ധതികളും ഇന്നും പതിവുപോലെ തുടരുന്നത് ഈ കാന്തിക വലയമുള്ളതുകൊണ്ടു തന്നെയാണ്. ലോകത്തെവിടെയെല്ലാം കെ.എം.സി.സിക്ക് യൂനിറ്റുകളുണ്ടോ, അവിടങ്ങളിലെല്ലാം ഈ ജൈവിക സ്വഭാവം സംഘടന പ്രകടിപ്പിക്കുന്നുമുണ്ട്.
 ഒരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പോഷക ഘടകമായിട്ടു കൂടി കക്ഷിരാഷ്ട്രീയ ഭേദമെന്യേ കെ.എം.സി.സി അംഗീകരിക്കപ്പെടുന്നത് അത്ഭുതമാണ്. ഔദ്യോഗിക തലത്തിൽ പോലും ഈ അംഗീകാരങ്ങൾ വർഷിക്കുമ്പോൾ നിറയെ പഴങ്ങൾ പാകമായി നിൽക്കുന്ന മരച്ചില്ല പോലെ ഒട്ടും ഔദ്ധത്യം കാണിക്കാതെ തല കുനിച്ചു നിൽക്കാൻ കെ.എം.സി.സിക്ക് മാത്രമേ സാധ്യമാകൂ. 
കെ.എം.സി.സിയുടെ വിവിധ ഗൾഫ് കമ്മിറ്റികൾ ഒരു പതിറ്റാണ്ടിലധികമായി നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് സ്‌കീമിൽ അംഗങ്ങളായവർ മരിക്കുകയോ കിടപ്പിലാവുകയോ ചെയ്താൽ ഇരുപത് ലക്ഷം രൂപ വരെയാണ് ആശ്രിതർക്കും ഗുണഭോക്താവിനും ലഭിക്കുന്നത്. അതിനുള്ള പ്രീമിയം തുകയാവട്ടെ, രണ്ടായിരം രൂപക്ക് തുല്യമായ ദീനാറോ ദിർഹമോ റിയാലോ ആണ്. കാര്യമായ നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് ഇൻഷുർ ചെയ്യപ്പെട്ട ആളുടെ കുടുംബത്തിലേക്ക് തുകയെത്തിക്കുന്നത്. ഇതിൽ അംഗമാവാൻ മാതൃസംഘടയിൽ പെട്ട ആളാവണമെന്നില്ല. രാഷ്ട്രീയ എതിരാളികൾ പോലും കെഎംസിസിയുടെ കുടുംബ സുരക്ഷാ സ്‌കീമിൽ അംഗങ്ങളാകുന്നത് സർവസാധാരണമാണ്.


2013 ൽ സൗദി അറേബ്യ നിതാഖാത് നിയമം കർശനമാക്കിയതിനെ തുടർന്ന് മലയളാകളടക്കം പതിനായരങ്ങൾ തൊഴിൽരഹിതരായി. ആയിരങ്ങൾ നിയമക്കുരുക്കിൽ ആടിയുലഞ്ഞു. ഈ സമയത്ത് കേരളക്കാരെന്നോ ഇതര സംസ്ഥാനക്കാരെന്നോ നോക്കാതെ ഭക്ഷണവും മരുന്നുമടക്കം ലേബർ ക്യാമ്പുകളിലെത്തിച്ച് അവർക്ക് കൂട്ടിരിക്കാൻ കെ.എം.സി.സി മുന്നിട്ടിറങ്ങി. അവരുടെ ശ്രമഫലമായി കേന്ദ്ര പ്രവാസി, വിദേശകാര്യ വകുപ്പുകളുടെ മന്ത്രിമാരായ വയലാർ രവിയേയും ഇ. അഹമ്മദിനേയും സൗദിയിൽ കൊണ്ടുവന്നു. മന്ത്രിമാർ ഉന്നതതല സൗദി നേതാക്കളെ കണ്ടുകൊണ്ട് നിതാഖാത്തിന്റെ കാഠിന്യം കുറക്കാൻ അപേക്ഷിച്ചു. അതിന് ഫലവുമുണ്ടായി. 
കോവിഡ് കടന്നുവന്നത് പ്രവാസി മലയാളികളെ ശരിക്കും വെട്ടിലാക്കുകയുണ്ടായി. ഒരു കോടിയോളം എൻ.ആർ.ഐക്കാരുള്ളതിൽ മുപ്പത് ലക്ഷത്തിനടുത്ത് മലയാളികളാണ്. ഇവരിൽ ബഹുഭൂരിഭാഗവും താഴേക്കിടയിൽ ജോലി ചെയ്യുന്ന ബാച്ചിലേഴ്‌സ് ആണ്. ഇവർ താമസിച്ചിരുന്നതാകട്ടെ, അൽപം പോലും സാമൂഹിക അകലം പാലിക്കാൻ പറ്റാത്ത ലേബർ ക്യാമ്പുകളിലും. ഇവരുടെ കൂട്ടുകുടുംബങ്ങൾ മുഴുവൻ നാട്ടിലും.  


ഇവരെക്കൂടാതെ സന്ദർശക വിസയിൽ വന്ന് കുടുങ്ങിയവർ, ഗർഭിണികൾ, രോഗികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ടവർ അടങ്ങുന്ന മറ്റൊരു വിഭാഗം വേറെയുമുണ്ടായിരുന്നു. കോവിഡ് പിടിപെട്ടാൽ എന്തു സംഭവിക്കുമെന്ന ഭീതി കാരണവും അടുത്തൊന്നും നാടണയാൻ സാധിക്കില്ലെന്ന ചിന്ത കൊണ്ടും മാനസിക സമ്മർദത്തിനടിപ്പെട്ട അപൂർവ സാഹചര്യമായിരുന്നു ഗൾഫ് രാജ്യങ്ങളിൽ. ഏതാനും ആഴ്ചകൾ കൊണ്ട് നൂറുകണക്കിന് മലയാളികൾ ഇവിടങ്ങളിൽ മരണത്തിന് കീഴടങ്ങിയത് ഭീതി  വർധിപ്പിച്ചു. 
കേരളത്തിലാവട്ടെ, കോവിഡിനെ പിടിച്ചുകെട്ടിയ പ്രതീതിയായിരുന്നു. മരണ സംഖ്യ രണ്ടിൽ നിൽക്കുന്ന സന്ദർഭം. പ്രവാസികളെ സ്വീകരിച്ചാൽ മരണ സംഖ്യ കൂടിയേക്കും. ഇതുവരെയുള്ള സൽപേരിന് കളങ്കമുണ്ടായേക്കും. ഇത്തരം മിഥ്യയുടെ പുറത്താണ് കേരള സർക്കാർ പ്രവാസികളെ കൊണ്ടുവരാൻ കഴിയില്ലെന്ന നിലപാടെടുത്തത്. ആ സമയത്താണ് കെ.എം.സി.സി അവരുടെ സംവിധാനങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യവസ്ഥാപിതമായി എല്ലാ ഗൾഫ് രാജ്യങ്ങളിലും രക്ഷക സ്ഥാനത്തെത്തിയത്. 


യു.എ.ഇയിലെ ഏറ്റവും വലിയ ക്വാറന്റൈൻ കേന്ദ്രം കെ.എം.സി.സി യുടേതായിരുന്നു. എല്ലാ നഗരങ്ങളിലും ഒരു മാസത്തേക്ക് തികയാവുന്നയത്ര ഭക്ഷണ സാധനങ്ങൾ വീട്ടുപടിക്കലും ലേബർ ക്യാമ്പുകളിലും കൃത്യമായി കെ.എം.സി.സി വളണ്ടിയർമാർ എത്തിച്ചുകൊടുത്തു. രോഗികൾക്ക് മരുന്നുകൾ നാട്ടിൽനിന്നുമടക്കം വാങ്ങിക്കൊണ്ടുവന്ന് പരമാവധി ആളുകളിലേക്കെത്തിച്ചു. സാന്ത്വനമേകാൻ മെന്ററിംഗ് സെല്ലുകൾ രൂപീകരിച്ചു. ചികിത്സ ലഭിക്കേണ്ടവർക്ക് മുൻഗണനാ ക്രമത്തിൽ ലിസ്റ്റ് തയാറാക്കി അവരെ ഹോസ്പിറ്റലുകളിൽ എത്തിച്ചു. നൂറുകണക്കിന് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്തു. അത് മുടക്കാൻ അപ്രായോഗിക മാർഗ രേഖകളിറക്കിയ സർക്കാരിനെതിരെ നിയമ പോരാട്ടവും നടത്തി. ഇന്ത്യാ ഗവണ്മെന്റിന്റെ വന്ദേഭാരത് മിഷനിൽ എത്തിയവരേക്കാൾ എത്രയോ ഇരട്ടിയാളുകൾ കെ.എം.സി.സിയുടെ ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ നാടണഞ്ഞു. യു.എ.ഇ, സൗദിയടക്കമുള്ള രാജ്യങ്ങൾ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചു.
കോവിഡ് മരണങ്ങൾ മറവു ചെയ്യുന്നത് അതീവ സങ്കീർണമായിരുന്ന ഘട്ടത്തിൽ ഗൾഫിലങ്ങോളമിങ്ങോളം മലയാളികളുടെയും പലപ്പോഴും ഇതര സംസ്ഥാനക്കാരുടെയും മൃതശരീരങ്ങൾ ഏറ്റെടുത്ത് മറവ് ചെയ്തത് മനുഷ്യ കുലത്തോട് ഒരു സംഘടന കാണിക്കുന്ന മഹോന്നത മൂല്യമല്ലാതെ മറ്റൊന്നുമല്ല. 

Latest News