Sorry, you need to enable JavaScript to visit this website.

പി.വി. അന്‍വറിനെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; വധശ്രമമെന്ന് എം.എല്‍.എ

മലപ്പുറം- പി.വി. അന്‍വര്‍ എം.എല്‍.എയെ തടഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂരില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാത്രി 11 മണിയോടെ  മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലേക്കുള്ള വഴിയിലാണ് എം.എല്‍.എയെ തടഞ്ഞത്. വോട്ടര്‍മാരെ  സ്വാധീനിക്കാനെത്തിയെന്ന് ആരോപിച്ച്  യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാണ് ആരോപണം. ഇതിനു പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പി.വി. അന്‍വര്‍ ആരോപിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.  

നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനി സന്ദര്‍ശിക്കാനല്ല താന്‍ പോയതെന്നും സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങമ്പോഴാണ് തടഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. ആര്യാടന്റെ തട്ടകത്തില്‍ എന്തിനു വന്നു എന്നു ചോദിച്ചാണ് തന്നെ തടഞ്ഞതെന്നും കാലം മാറിയത് ആര്യാടന്‍മാര്‍ മനസ്സിലാക്കണമെന്നും എം.എല്‍.എ പറഞ്ഞു.

അന്‍വറിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് പ്രതിഷേധം.  
മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എ.എല്‍.എയുടെ സന്ദര്‍ശനമെന്നും  യു.ഡി.എഫ് ആരോപിച്ചു.

 

Latest News