തിരുവന്തപുരം- കായൽ കയ്യേറ്റ കേസിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. നിലംനികത്തി റോഡ് നിർമ്മിച്ചുവെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്. സംസ്ഥാന സർ്ക്കാറിന്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവിട്ടത്. ഈ കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതുവരെ അന്വേഷണം പാടില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും വിജിലൻസ് കോടതി അംഗീകരിച്ചില്ല. ബണ്ട് പൊളിച്ചാണ്‌റോഡ് നിർമ്മിച്ചത് എന്നായിരുന്നു പരാതി. സമീപത്തെ പത്തു വീടുകൾക്ക് വേണ്ടിയാണ് റോഡ് നിർമ്മിച്ചത് എന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാർ വാദങ്ങളൊന്നും അംഗീകരിക്കാതെയാണ് ത്വരിതാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടത്.
അതിനിടെ, മന്ത്രിസ്ഥാനത്ത്‌നിന്ന് തോമസ് ചാണ്ടിയെ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യം ചർച്ച ചെയ്യും.
എതിർപ്പുകൾ ശക്തമായതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആസന്നമാണെന്നും റിപ്പോർട്ടുണ്ട്. സി.പി.ഐ, ജനാധിപത്യ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ മന്ത്രിയുടെ രാജി അനിവാര്യമാണെന്ന നിലരാടിലാണ്. രാജി ആവശ്യമാണെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ അംഗീകരിക്കുമെന്നാണ് എൻ.സി.പി സംസ്ഥാന നേതാക്കൾ നൽകുന്ന സൂചന.
തോമസ് ചാണ്ടിക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാൻ ശുപാർശ നൽകിയിട്ടുണ്ടെന്നും സുധാകർറെഡ്ഡി പറഞ്ഞതാണ് സി.പി.ഐ നിലപാടെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കിയിരുന്നു.
തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടിനോട് സി.പി.എമ്മിൽതന്നെ അതൃപ്തി ഉയർന്നിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന മാർത്താണ്ഡം കായലിലെ 42 ബ്ലോക്ക് തോമസ് ചാണ്ടി കയ്യേറിയതും പാർട്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കയ്യേറ്റത്തെ സംരക്ഷിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നുവെന്നാണ് സി.പിഎം വിലയിരുത്തൽ.