റിയാദ് - യെമനിൽ വ്യവസ്ഥാപിതമായ രീതിയിൽ ഭരണകൂടം സ്ഥാപിതമാകാൻ റിയാദ് കരാർ ആവിഷ്‌കരിച്ച പദ്ധതികൾ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സഖ്യസേന പ്രസ്താവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക ഗവൺമെന്റിൽ അംഗങ്ങളായിരുന്ന മന്ത്രിമാർ അടക്കം 24 പേരെ ഉൾക്കൊള്ളിച്ച് വൈകാതെ പുതിയ മന്ത്രിസഭ അധികാരമേൽക്കും. യെമനിലെ വ്യത്യസ്ത രാഷ്ട്രീയ ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവരാകും മന്ത്രിസഭാ അംഗങ്ങൾ. ഒരാഴ്ചക്കകം സൈന്യം നിലവിൽവന്നതിന് ശേഷമായിരിക്കും ഗവൺമെന്റ് രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക. അബ്‌യാൻ മേഖലാ വിഭജനത്തിനും സൈനിക പുനർവിന്യാസത്തിനും തുടർന്നും മേൽനോട്ടം വഹിക്കുമെന്നും സഖ്യസേന അറിയിച്ചു. രാജ്യത്ത് സുസ്ഥിരവും സുരക്ഷിതത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തീവ്രവാദ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനും ഭരണകൂടത്തെ സഹായിക്കാൻ സഖ്യസേന യെമനിൽ തുടരും.