കൊച്ചി - വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം മൂലം നടൻ മമ്മൂട്ടിക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും വോട്ട് ചെയ്യാനായില്ല. കൊച്ചി പനമ്പള്ളി നഗറിലെ വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന വിവരം ഇന്നലെയാണ് മമ്മൂട്ടി അറിയുന്നത്. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതാണെങ്കിലും അവിടത്തെ വോട്ടർപട്ടികയിലും പേരില്ല. എറണാകുളം കലക്ടർ എസ്. സുഹാസിന്റെ പേരും വോട്ടർപട്ടികയിലില്ല. താമസസ്ഥലം മാറിയതാണ് കാരണം.
അതേസമയം, ജില്ലയിലെ പ്രമുഖ വ്യക്തികൾ വ്യാഴാഴ്ച രാവിലെ തന്നെ വോട്ടവകാശം വിനിയോഗിച്ചു. വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രാവിലെ 7.45ന് കല്ലുപാലം ഈസ്റ്റ് ആറാംവാർഡ് അങ്കണവാടിയിൽ വോട്ട് ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.രാജീവ് രാവിലെ ഒമ്പതിന് കളമശേരി നഗരസഭ 23-ാം ഡിവിഷൻ സെന്റ് പോൾസ് കോളേജിലെ ബൂത്തിൽ വോട്ടവകാശം വിനിയോഗിച്ചു. ഭാര്യ വാണി കേസരിക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ രാവിലെ എട്ടിന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ എട്ടാംവാർഡ് രണ്ടാംനമ്പർ ബൂത്തായ എംജിഎം ഹൈസ്‌കൂളിൽ വോട്ടവകാശം വിനിയോഗിച്ചു. പ്രൊഫ. എം.കെ സാനു രാവിലെ 10.30ന് കരിത്തല സെന്റ് ജോസഫ് യു.പി സ്‌കൂളിലും മുതിർന്ന സിപിഎം നേതാക്കളായ എം.എം ലോറൻസ് പകൽ 11.15ന് 63-ാം ഡിവിഷൻ ഗാന്ധിനഗർ മാതാനഗർ പബ്ലിക് സ്‌കൂളിലെ അഞ്ചാംനമ്പർ ബൂത്തിലും കെ.എൻ രവീന്ദ്രനാഥ് രാവിലെ 7.30ന് ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലും വോട്ട് ചെയ്തു. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ രാവിലെ 7.30ന് കടവന്ത്ര സെന്റ് ജോസഫ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.
നടി രമ്യ നമ്പീശൻ ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലും നടി ആശ ശരത് പെരുമ്പാവൂർ നഗരസഭ അഞ്ചാംവാർഡിലെ കാഞ്ഞിരക്കാട് അങ്കണവാടി ബൂത്തിലും ദിലീപും ഭാര്യ കാവ്യാ മാധവനും ആലുവ സെന്റ് ഫ്രാൻസിസ് സ്‌കൂളിലും നടൻ ടിനി ടോം ചൂർണിക്കര ഗ്യാരേജ് ഐശ്വര്യ നഗർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
രാജീവ് രവി, ഗീതു മോഹൻദാസ് എന്നിവർ കടവന്ത്ര മേരി മാതാ പബ്ലിക് സ്‌കൂളിലും ആഷിക് അബു, റിമ കല്ലിങ്കൽ എന്നിവർ തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്‌കൂളിലും വോട്ട് ചെയ്തു.