കാസർകോട് - കേരളത്തിൽ ഇനി യു. ഡി. എഫിന്റെ കാലമാണെന്നും മൊത്തത്തിൽ അനുകൂലമായ കാലാവസ്ഥയാണെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. കാസർകോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് പ്രവർത്തനം യോഗം ചേർന്ന് വിലയിരുത്തിയപ്പോൾ കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുന്ന സാഹചര്യമാണ്. ഇടതുപക്ഷ ഭരണം അഞ്ചു വർഷം പൂർത്തിയാകുമ്പോൾ നേട്ടങ്ങളുടെ പട്ടിക നിരത്തുന്നതിന് പകരം കോട്ടങ്ങൾക്ക് മറുപടി പറയാൻ സമയം ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. അഴിമതിയുടെ ഘോഷയാത്ര തന്നെയാണ് എൽ ഡി എഫ് ഭരണത്തിലുള്ളത്.
ഒന്നൊന്നായി വിവാദങ്ങൾ ഉണ്ടാകുമ്പോൾ അതിന് വിശദീകരണം പറയാൻ കഴിയാതെ കുഴങ്ങുകയാണ് ഭരണപക്ഷം. അഞ്ചു വർഷം മുമ്പുള്ള അന്വേഷണം നടത്തി ഒഴിവാക്കിയ സംഭവങ്ങൾ കുത്തിപ്പൊക്കി യു ഡി എഫിനെതിരെ പ്രയോഗിക്കാനാണ് ഇടതുമുന്നണി ഇപ്പോൾ ശ്രമിക്കുന്നത്.
എൽ ഡി എഫിന്റെ അഴിമതിയുമായി തട്ടിച്ചു നോക്കുമ്പോൾ ഇവയെല്ലാം വളരെ നിസ്സാര കാര്യങ്ങളാണ്. ആരോപണവിധേയരായ സി പി എമ്മിന്റെ നിരവധി എം എൽ എ മാർക്കെതിരെ നടപടി എടുക്കാതെ യു ഡി എഫ് എം എൽ എ മാരെ കസ്റ്റഡിയിൽ എടുത്തും അറസ്റ്റ് ചെയ്തും പീഡിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. എം. സി ഖമറുദ്ദീൻ എം.എൽ എ ക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണ്. അതിൽ വഞ്ചനയുടെയോ തട്ടിപ്പിന്റെയോ കാര്യമില്ല. ബിസിനസ് പൊളിഞ്ഞാൽ പണം മുടക്കിയവർക്ക് തിരികെ നൽകുകയാണ് ചെയ്യേണ്ടത്. അറസ്റ്റ് ചെയ്തു ജയിലിൽ ഇടുന്നത് പകപോക്കലാണ്. ഈ നിലപാട് പക്ഷപാതപരമാണ്. ഞെട്ടിക്കുന്ന സ്വർണക്കള്ളക്കടത്തും ഡോളർ കടത്തും നിലനിൽക്കുമ്പോൾ അതിന് പകരം വെക്കാൻ വരുന്നതല്ല ഈ ആരോപണങ്ങൾ. കെ എം ഷാജിയുടെ കേസും ഇതുപോലെ ആണ്. അളന്നു നോക്കിയാൽ ഇവിടെ പലരുടെ വീടുകളും കെട്ടിപ്പൊക്കിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അറിയാം ഈ കഥയെല്ലാം എവിടെ നിൽക്കുന്നു എന്ന്. കേരളത്തിൽ വികസന കാര്യത്തിൽ ദീർഘവീക്ഷണത്തോടെയുള്ള സമീപനം സ്വീകരിച്ചത് യു ഡി എഫാണ്. നിരവധി വൻകിട പദ്ധതികൾ കൊണ്ടുവന്നതും ഈ മുന്നണിയാണ്.
കാസർകോട് ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിർത്തുന്നതിലും കൂടുതൽ പഞ്ചായത്തുകളിൽ ഭരണം പിടിക്കും എന്നതിലും ഒരു ആശങ്കയും പാർട്ടിക്ക് ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം വിവാദവിഷയങ്ങളായ പല ചോദ്യങ്ങളിൽ നിന്നും നിരവധി തവണ ചർച്ച ചെയ്ത കാര്യങ്ങൾ എന്നുപറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറി.