പെരിന്തൽമണ്ണ-എല്ലാ ജാതി, മത വിഭാഗക്കാരെയും ഒരേ കണ്ണുകൊണ്ടു കാണാൻ ബി.ജെ.പിക്കും മുസ്‌ലിം ലീഗിനും കഴിയില്ലെന്നു മന്ത്രി കെ.ടി ജലീൽ. പ്രശ്‌നം ഏതു സമുദായത്തിന്റേതാണെന്ന് നോക്കിയാണ് രണ്ടു പാർട്ടികളും ജനകീയ വിഷയങ്ങളിൽ ഇടപെടുന്നത്. എല്ലാ വിഭാഗങ്ങളെയും വേർതിരിക്കാതെ അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ ഇടതു പക്ഷത്തിനു മാത്രമെ കഴിയൂവെന്നും മന്ത്രി ജലീൽ പറഞ്ഞു. പെരിന്തൽമണ്ണയിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലരവർഷം കൊണ്ട് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒട്ടേറെ ജനോപകാര, വികസന പദ്ധതികളാണ് നടപ്പാക്കിയത്. പ്രളയകാലത്ത് ജനങ്ങൾക്കു ആശ്വാസമായി സർക്കാർ നിലകൊണ്ടു. കോവിഡ് മഹാമാരിയിൽ ലോകം തരിച്ചു നിന്നപ്പോൾ 90 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ റേഷനും സൗജന്യ ചികിത്സയും നൽകി- അദ്ദേഹം പറഞ്ഞു.
ഖുർആന്റെ മറവിൽ സ്വർണക്കടത്ത് നടത്തി എന്ന തന്റെ പേരിലുയർത്തിയ ആരോപണം നുണയായിരുന്നെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണ്. എന്നാൽ ലീഗിന്റെ എം.എൽ.എ സ്വർണം തട്ടിയതിലും മന്ത്രി പാലം നിർമാണത്തിൽ കോടികൾ തട്ടിയതിലും ജാമ്യം കിട്ടാതെ ജയിലിൽ കഴിയുന്നു. ലീഗിന്റെ യുവ നേതാവ് കണ്ണൂർ ജയിലിലേക്ക് പാതി വഴി എത്തി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ടി.കെ റഷീദലി അധ്യക്ഷനായിരുന്നു, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ അബ്ദുല്ല നവാസ്, ടി. സുബ്രഹ്മണ്യൻ, ആന്റണി എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ നഗരസഭയിലെ കുന്നപ്പള്ളി, പാതാക്കര എന്നിവിടങ്ങളിലായിരുന്നു എൽ.ഡി.എഫ് സൗഹൃദ സദസുകൾ.