Sorry, you need to enable JavaScript to visit this website.

വെൽഫെയർ ബന്ധം: യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയില്ല- സി.പി.ജോൺ

കണ്ണൂർ - വെൽഫെയർ പാർട്ടി ബന്ധത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്ന സി.പി.എം, നേരത്തെ ജമാഅത്തെ ഇസ് ലാമിയുടെ പിൻതുണ തേടിയത് തെറ്റാണെന്ന് തുറന്നു പറയാൻ തയ്യാറാവുമോ എന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ. കണ്ണൂർപ്രസ് ക്ലബ്ബിന്റെ തദ്ദേശ പോര് 2020 ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ പല തവണ സി.പി.എം ജമാഅത്തെ ഇസ്‌ലാമിയുടെ പിൻതുണ തേടിയിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധികം പിന്തുണ നൽകുകയായിരുന്നു. അതിന് മുമ്പ് ഇടതു മുന്നണിക്കാണ് പിൻതുണ നൽകിയത്. 
ഇത്തവണ യു.ഡി.എഫുമായി സഖ്യമില്ല. വെൽഫെയർ പാർട്ടി ഘടകകക്ഷിയല്ല, തെരഞ്ഞെടുപ്പു സഖ്യവുമില്ല. എന്നാൽ സീറ്റ് അഡ്ജസ്റ്റ്‌മെൻറ് ഉണ്ട്. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ അത് സ്വാഭാവികമാണ്. വെൽഫെയർ പാർട്ടിയെ മതമൗലികവാദ പാർട്ടി യെന്നു പറഞ്ഞ് മാറ്റി നിർത്തേണ്ടതില്ലെന്നാണ് സി.എം.പി നിലപാട്. വെൽഫെയർ ബന്ധം സംബന്ധിച്ച് യു.ഡി.എഫിൽ അഭിപ്രായ ഭിന്നതകളില്ല. യു.ഡി.എഫിൽ തർക്കങ്ങൾ ഏറ്റവും കുറഞ്ഞ കാലമാണിത് -സി.പി. ജോൺ പറഞ്ഞു.


ജോസ് കെ. മാണി മുന്നണി വിട്ടത് യു.ഡി.എഫിന് ക്ഷീണം ചെയ്യില്ല. ജോസ് കെ.മാണിയും ഏതാനും പേരും മാത്രമാണ് ഇടതു മുന്നണിയിലേക്ക് പോയത്. അതുകൊണ്ട് വോട്ട് ട്രാൻസ്ഫർ നടക്കില്ല. കേരള കോൺഗ്രസ് വോട്ടുകൾ ജോസഫിലൂടെ യു.ഡി.എഫിനു തന്നെ ലഭിക്കും- സി.പി. ജോൺ പറഞ്ഞു.
വലിയ പ്രതീക്ഷയോടെയാണ് പിണറായി വിജയൻ സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റിയത്. ടാസ്‌ക് മാസ്റ്റർ എന്ന നിലയിൽ വലിയ കാര്യങ്ങൾ ചെയ്യുമെന്നും പ്രതീക്ഷിച്ചു എന്നാൽ കേരളം ഇന്നുവരെ കാണാത്ത അഴിമതിയും കെടുകാര്യസ്ഥതയും കൊള്ളയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത്. ഇവരുടെ ചെയ്തികൾ മൂലം കമ്യുണിസ്റ്റ് പ്രസ്ഥാനം തന്നെ പ്രതിരോധത്തിലായി. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ എ.കെ.ജി സെന്റർ വരെ കള്ളക്കടത്തും അഴിമതിയും നടന്നു. 
ഏത് നേതാവിനെ കണ്ടാണ് ഇനി ആളുകൾ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരിക. പിണറായിയേയും കോടിയേരിയേയും കണ്ട് ആരാണ് വരിക? കമ്യുണിസ്റ്റ് പാർട്ടിയിലേക്കുള്ള എൻട്രി അടക്കുക കൂടിയാണ് ഇവർ ചെയ്തത്-  സി.പി.ജോൺ ആരോപിച്ചു.

Latest News