കണ്ണൂർ - മുസ്‌ലിം ജനവിഭാഗത്തെ ഒന്നടങ്കം ഭീകരവാദികളായി മുദ്രകുത്തുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ആർ.എസ് എസ് മനസ്സാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. കണ്ണൂർ പ്രസ് ക്ലബ്ബിൽ തദ്ദേശ പോര് 2020ൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹസൻ.
ഒരു ഭാഗത്ത് മതേതരത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുകയും മറുഭാഗത്ത് മതവിഭാഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. മലപ്പുറത്ത് വിജയരാഘവൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ഇത്തരത്തിലുള്ളതാണ്. ഭൂരിപക്ഷ ന്യൂനപക്ഷ ധ്രുവീകരണത്തിന് എക്കാലവും ശ്രമിച്ച പാർട്ടിയാണ് സി.പി.എം- ഹസൻ പറഞ്ഞു.
കൊറോണയുടെ ആദ്യകാലം മുതൽ നടത്തിവരുന്ന ഉദ്‌ബോധനത്തിൽ ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് പറഞ്ഞിരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മുഖ്യമന്ത്രി കൊറോണയെ ഭയന്നല്ല, ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം മൂലമാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താത്തത്. ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജൻസികളും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടത്തിയ അഴിമതികളേയും കള്ളക്കടത്തിനെയും കുറിച്ചാണ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.' അദ്ദേഹത്തിന്റെ ഒരു വിശ്വസ്തൻ ജയിലിലായി മറ്റൊരു വിശ്വസ്തൻ സി.എം.രവീന്ദ്രൻ ഇ.ഡിയെ പേടിച്ച് ഓടുകയാണ്. കള്ളപ്പണം വെളുപ്പിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ഉപയോഗിച്ചു. ഈ സൊസൈറ്റി കോടികളുടെ കൊള്ളയാണ് നടത്തിയത്. ടെൻഡർ വിളിക്കാതെ കോടികളാണ് സർക്കാർ ഇവർക്ക് നൽകിയത്. ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചത് രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ നടത്തിയ അഴിമതിയുടെ യഥാർഥ ഗുണഭോക്താവ് ആരാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ കോവിഡാനന്തരാനന്തര രോഗമാണ് രവീന്ദ്രന്. ഈ രോഗം തെരഞ്ഞെടുപ്പു കഴിയാതെ മാറില്ല. രവീന്ദ്രനെ ന്യായീകരിച്ച് എത്തിയത് കടകംപള്ളി സുരന്ദ്രനാണ്. ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞു പോലായി.- ഹസൻ പരിഹസിച്ചു.
വെൽഫെയർ പാർട്ടി വിഷയത്തിൽ ഇനി പ്രതികരണങ്ങൾക്ക് ഇല്ലെന്ന് ചോദ്യത്തിന് ഉത്തരമായി ഹസൻ പറഞ്ഞു. ഇതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞു. താനും ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും മുല്ലപ്പള്ളിയും പറഞ്ഞത് ഒരേ കാര്യമാണ്. ഇതു സംബന്ധിച്ച് കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യാസമോ, സംശയമോ, ആശയക്കുഴപ്പമോ ഇല്ല. തിരുവനന്തപുരം കോർപറേഷനിൽ എസ്.ഡി.പി .ഐ യുടെ പിൻതുണ തേടിയ കടകംപള്ളിയുടെ പാർട്ടിയാണ് ഈ വിഷയത്തിൽ കോൺഗ്രസിന് നേരെ തിരിയുന്നത്- ഹസൻ പറഞ്ഞു.
ശബരിമലയിൽ വെർച്വൽ ക്യുവിൽ യുവതികളെയും പ്രവേശിപ്പിക്കും എന്ന് ആദ്യം പറഞ്ഞവർ ഈ ഓപ്ഷൻ ഇപ്പോൾ മാറ്റിയിരിക്കയാണ്. അധികാരത്തിലെത്തിയാൽ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഹസൻ ആവർത്തിച്ചു.
യു.ഡി.എഫ് ജില്ലാ കൺവീനർ പി.ടി.മാത്യുവും ഹസനൊപ്പം ഉണ്ടായിരുന്നു. സബിന പത്മൻ അധ്യക്ഷത വഹിച്ചു. ടി.കെ.കാദർ സ്വാഗതം പറഞ്ഞു.