തലശ്ശേരി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചെന്ന കുറ്റാരോപണത്തെ തുടർന്ന് കേസ് നടപടികൾ നേരിടുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ണൂർ ജില്ലാ മുൻ ചെയർമാനെതിരെ തലശ്ശേരിയിൽ ഒരു പോക്‌സോ കേസ് കൂടി. കഴിഞ്ഞ ദിവസത്തെ പരാതിക്കാരിയായ 17 കാരിയുടെ ഇളയ സഹോദരിയുടെ പരാതിയെ തുടർന്നാണ് നാല് ദിവസത്തിനുള്ളിൽ രണ്ടാമത്തെ കേസ് കൂടി തലശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തത്. കുടിയാന്മല പോലീസ് പരിധിയിലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടി മട്ടന്നൂർ മജിസ്‌ട്രേട്ട് മുമ്പാകെ ഐ.പി.സി 164 വകുപ്പിൽ മൊഴി നൽകുന്നതിനിടയിലാണ് ചൈൽഡ് വെൽഫെയർ കമ്മീഷൻ ചെയർമാനിൽ നിന്നും കൗൺസിലിംഗിനിടയിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായതായി നേരത്തെ പരാതിപ്പെട്ടത്. ഇതേ ആരോപണമാണിപ്പോൾ 17 കാരിയുടെ സഹോദരിയും ഡോ. ഇ.ഡി. ജോസഫിനെതിരെ ഉന്നയിച്ചത്. ഇപ്പോൾ ശിവപുരത്തെ സർക്കാർ നിയന്ത്രിത കേന്ദ്രത്തിൽ കഴിയുകയാണ് സഹോദരിമാർ. മാതാപിതാക്കൾ തമ്മിലകന്ന് മക്കളെ കൈവിട്ടതോടെയാണ് സഹോദരിമാർ അഭയ കേന്ദ്രത്തിലെത്തപ്പെട്ടത്. ഇപ്പോഴത്തെ പരാതിക്കാരിയായ പെൺകുട്ടി ആരോപിച്ച കൗൺസിലിംഗ് നടന്നതും തലശ്ശേരി പോലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിൽ വെച്ചായിരുന്നു. ചൈൽഡ് വെൽഫെയർ ജില്ലാ ചെയർമാൻ പദവിയിൽ നിന്നും സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഇ.ഡി. ജോസഫിനെ മാറ്റിയിട്ടുണ്ട്.