Sorry, you need to enable JavaScript to visit this website.

മന്ത്രി എ.സി.മൊയ്തീൻ സമയം തെറ്റിച്ച് വോട്ടു രേഖപ്പെടുത്തിയെന്ന് പരാതി

തൃശൂർ - മന്ത്രി എ.സി.മൊയ്തീൻ സമയം തെറ്റിച്ച് വോട്ടു ചെയ്തതായി പരാതി. തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ.സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്നാണ് അനിൽ അക്കര എം.എൽ.എ ആരോപിച്ചത്. തൃശൂരിലെ വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി എ.സി.മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. സ്ഥിരമായി തെരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിംഗ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകൾ ബാക്കിയുണ്ടായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ പോളിംഗ് ഉദ്യോഗസ്ഥന്റെ വാച്ചിൽ സമയം ഏഴായതിനാലാണ് വോട്ടു ചെയ്യാൻ അനുമതി നൽകിയതത്രെ.
എന്നാൽ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതിൽ ഏതെങ്കിലും തരത്തിൽ എതിർപ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാർത്തയായതോടെ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. 
മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി ചട്ടലംഘനമാണ് നടത്തിയതെന്നും മന്ത്രിയുടെ മാടമ്പിത്തരമാണ് ധിക്കാരപരമായ ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നതെന്നും അനിൽ അക്കര പ്രതികരിച്ചു. മന്ത്രിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പോളിംഗ് ഏജന്റ് പരാതി നൽകുമെന്നും അനിൽ അക്കര എം.എൽ.എ പറഞ്ഞു. 
എന്നാൽ അനിൽ അക്കരയുടെ ആരോപണം തെറ്റാണെന്ന് മന്ത്രി എ.സി.മൊയ്തീൻ പ്രതികരിച്ചു. വിവാദം അനാവശ്യമാണെന്നും ഇതൊന്നും എൽ.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും മൊയ്തീൻ പറഞ്ഞു.
 

Latest News