തലശ്ശേരി - ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇരുമ്പഴിയെണ്ണാൻ പോകുകയാണെന്നും പിണറായിക്ക് അധിക കാലം മുഖ്യമന്ത്രി കസേരയിലിരിക്കാൻ യോഗ്യതയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിയെ ഏതു സമയവും ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ ഏജൻസികൾ തയാറായി നിൽക്കുകയാണ്. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം പിണറായി വിജയനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. തലശ്ശേരിയിലെ കോൺഗ്രസ് ഓഫീസായ എൽ.എസ് പ്രഭുമന്ദിരത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സ്വപ്‌ന സുരേഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഇതിന് ഉത്തരം പറയണം. സ്വപ്‌നക്ക് ഒരു പോറലേറ്റാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പു നൽകി. ഒരീച്ചക്ക് പോലും കടന്നു ചെല്ലാൻ പറ്റാത്ത അട്ടക്കുകുളങ്ങര ജയിലിൽ എത്തി സ്വപ്‌നയെ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയാനുള്ള ബാധ്യത ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കുണ്ട്. സ്വപ്‌നയുടെ പഴയ ശബ്ദ സന്ദേശത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇതിന്റെ അന്വേഷണം എവിടെ എത്തിയെന്ന കാര്യം ആർക്കുമറിയില്ല. ഈ സന്ദേശം ആരെ രക്ഷിക്കാനാണെന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് പല രഹസ്യങ്ങളുമറിയാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് രവീന്ദ്രൻ മാറി നിൽക്കുന്നത്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. ശിവ ശങ്കററിയാത്ത പല കാര്യങ്ങളും രവീന്ദ്രനറിയാം. കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട നേതാവാണ് പിണറായി വിജയൻ. അതുപോലെ ഏറ്റവും വെറുക്കപ്പെട്ട ചിഹ്നമാണ് അരിവാൾ ചുറ്റിക നക്ഷത്രം. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നതോടെ എല്ലാ കാര്യങ്ങൾക്കും തീരുമാനമാകും. ഉന്നതന്റെ പേര് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ആരോപിക്കുന്നതു പോലെ ഉന്നതന്റെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ലെന്നും ഉന്നതർ ശ്രീരാമകൃഷ്ണൻ മാത്രമല്ലെന്നും വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകുമെന്നും ഒരു ചോദ്യത്തിനുത്തരമായി മുല്ലപ്പള്ളി പറഞ്ഞു.
സമാന്തര സർക്കാരായി പ്രവർത്തിക്കുന്ന സർക്കാരിന്റെ മുഴുവൻ കരാറുകളും ഏറ്റെടുക്കുന്ന ഒരു സ്ഥാപനത്തിൽ ഇ.ഡി റെയ്ഡ് വന്നതോടെ സ്ഥാപനത്തിന്റെ മേധാവികൾ ബി.ജെ.പി ദേശീയ നേതാക്കളുമായി ബന്ധപ്പെടുന്ന വിവരം തനിക്കറിയാമെന്നും ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കമ്പനിയുടെ പേരെടുത്തു പറയാതെ മുല്ലപ്പള്ളി ആരോപിച്ചു. നേരത്തെ ഈ സ്ഥാപനത്തിൽ ഇ.ഡി റെയ്ഡ് വന്നപ്പോൾ ഇതുപോലെ ബി.ജെ.പി ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ സംഭവത്തിന്റെ ഫയൽ വെളിച്ചം കണ്ടിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റിയാണോ ഈ സ്ഥാപനമെന്ന ചോദ്യത്തിന് പറയേണ്ട സമയത്ത് താൻ എല്ലാം തുറന്നു പറയുമെന്ന് മുല്ലപ്പള്ളി മറുപടി പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് അടഞ്ഞ അധ്യായമാണെന്നും അക്കാര്യത്തെക്കുറിച്ച് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ മറുപടി നൽകിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ.പി. സി.സി ജന.സെക്രട്ടറി അഡ്വ. പി.എം. നിയാസ്, അഡ്വ. സി.ടി. സജിത്ത്, എം.പി അരവിന്ദാക്ഷൻ, എം.പി. അസൈനാർ എന്നിവരും പങ്കെടുത്തു.