Sorry, you need to enable JavaScript to visit this website.

ഇ.ഡിയെ ഭയപ്പെടേണ്ട ആവശ്യം ഒരു കമ്യൂണിസ്റ്റുകാരനുമില്ല -എ. വിജയരാഘവൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ കണ്ണൂർ പ്രസ് ക്ലബ്ബിന്റെ പരിപാടിയിൽ 

കണ്ണൂർ - മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ആശുപത്രി വാസത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പു സംവാദ പരിപാടിയായ 'തദ്ദേശ പോര് 2020' ൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അദ്ദേഹത്തിനു അസുഖമായതിനാൽ ആശുപത്രിയിൽ പോയെന്നാണ് പത്രങ്ങളിലൂടെ അറിഞ്ഞത്. അദ്ദേഹത്തിന്റെ ശാരീരിക പ്രശ്‌നങ്ങൾ എന്താണെന്ന് ഡോക്ടർമാരാണ് പറയേണ്ടത്. ഇ.ഡിയെ ഭയന്ന് ഒളിച്ചോടിയതല്ല. നേരത്തെ അസുഖം വന്ന് ആശുപത്രിയിലായതാണ്. അതിന്റെ തുടർച്ചയാണിതെന്നാണ് അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ വരാതിരിക്കാനാണ് ആശുപത്രിയിൽ കഴിയുന്നതെന്നത് വ്യാഖ്യാനം മാത്രമാണ്. ഇ.ഡിയെ ഭയപ്പെടേണ്ട സാഹചര്യം ഒരു കമ്യൂണിസ്റ്റുകാരനുമില്ല -വിജയരാഘവൻ പറഞ്ഞു. 


സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ സുരക്ഷാ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനല്ല, ദേശീയ അന്വേഷണ ഏജൻസികൾക്കാണ്. അന്വേഷണ ഏജൻസികളാണ് സ്വപ്‌നയെ കോടതിയിൽ നിന്നും ഏറ്റെടുത്തത്. പിന്നീട് ജയിലിൽ പാർപ്പിച്ചുവെന്നേയുള്ളൂ. ഇവരെ ആര് കാണാൻ വന്നു, എന്ത് സംസാരിച്ചു എന്നൊക്കെ നോക്കേണ്ടത് സംസ്ഥാന സർക്കാരല്ല, അന്വേഷണ ഏജൻസികളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തില്ലെന്നത് അവാസ്തവ പ്രചാരണം മാത്രമാണ്. പ്രചാരണത്തിനു നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് പ്രചാരണത്തിന്റെ കരുത്ത്. പതിനായിരക്കണക്കിനു പ്രവർത്തകർ വീട്ടിൽ എത്തി കാര്യങ്ങൾ വിശദീകരിക്കുന്നത് സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ചാണ്. പാർട്ടി സെക്രട്ടറി, മുഖ്യമന്ത്രി എന്നീ നിലകളിൽ ആയിരിക്കുമ്പോഴും പിണറായി രാഷ്ട്രീയമായും സംഘടനാപരമായും ഇടപെടുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പൊതുയോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്. -വിജയരാഘവൻ പറഞ്ഞു. 


പ്രതിപക്ഷത്തുള്ള രമേശ് ചെന്നിത്തലയും കെ.സുരേന്ദ്രനുമൊക്കെ ഓരോ ദിവസവും ഓരോന്ന് വിളിച്ചു പറയുകയാണ്. പ്രതികളുടെ വാക്കുകൾ വേദവാക്യമായി എടുത്താണിവർ അഭിപ്രായ പ്രകടനം നടത്തുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഓരോ തിരക്കഥയനുസരിച്ചാണ് പ്രചാരണങ്ങൾ നടത്തുന്നത്. സ്വർണക്കള്ളക്കടത്തിലെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെയാണ് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്തത്. എന്നാൽ ദേശീയ അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ എതിർക്കേണ്ടി വരും. സർക്കാർ സദുദ്ദേശ്യത്തോടെയാണ് സ്വീകരിച്ചത്  എന്നാൽ കേന്ദ്ര ഏജൻസികൾ ദുരുദ്ദേശ്യത്തോടെയാണ്  ഇപ്പോൾ പ്രവർത്തിക്കുന്നത്  -വിജയരാഘവൻ പറഞ്ഞു. 


ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നിലപാടുകളെയാണ് എതിർക്കുന്നത്. മുസ്‌ലിം ലീഗിനെ എതിർത്താൽ എങ്ങനെ മുസ്‌ലിം സമൂഹത്തിനെതിരെയുള്ള എതിർപ്പാവും. യു.ഡി.എഫ് കൺവീനർ പദവി കിട്ടിയ ഉടൻ ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിന്റെ അടുത്തു സന്ദർശനം നടത്തിയ എം.എം.ഹസനാണ് സി.പി.എമ്മിനെതിരെ വർഗീയത ആരോപിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നിലപാടുകളെ ഒരു കാലത്തും സി.പി.എം പിന്തുണച്ചിട്ടില്ല.  ജമാഅത്തെ ഇസ്‌ലാമി വർഗീയ സംഘടനയാണെന്ന മുൻ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവോ എന്ന് യു.ഡി.എഫ് വ്യക്തമാക്കണം -വിജയരാഘവൻ ആവശ്യപ്പെട്ടു.  


ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വൻ വിജയം നേടും. ഉയർന്ന പോളിംഗ് ശതമാനം ഇതിന്റെ സൂചനയാണ്. കോൺഗ്രസ് പലയിടത്തും ബി.ജെ.പിയുമായി വോട്ട് കച്ചവടവും മൃദു സമീപന നിലപാടും സ്വീകരിച്ചുവെങ്കിലും ഇതൊന്നും മുന്നണിയുടെ വിജയ സാധ്യതകളെ ബാധിക്കില്ലെന്നും വിജയരാഘൻ പറഞ്ഞു. പരിപാടിയിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സബിന നന്ദിയും പറഞ്ഞു. 

Latest News