കണ്ണൂർ- കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികളുടെ വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് കണ്ണൂരിലെ വാണിജ്യ വ്യവസായ സംഘടനകൾ. വിമാനത്താവളത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫസ്റ്റ് ഫ്‌ളൈറ്റ് ട്രാവലേഴ്‌സ്, എയർപോർട്ട് ഡവലപ്‌മെന്റ് ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സെമിനാറുകൾ സംഘടിപ്പിച്ചത്.
ഫസ്റ്റ് ഫ്‌ളൈറ്റ് ട്രാവലേഴ്‌സിന്റെ നേതൃത്വത്തിൽ, എമർജിംഗ് കണ്ണൂർ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചതിനു പുറമെ, രണ്ടാം വാർഷിക ദിനത്തിൽ കണ്ണൂരിൽനിന്നും യാത്ര ചെയ്തവർക്ക് വിവിധ ആവശ്യങ്ങൾ എഴുതിയ ഫേസ് ഷീൽഡും നൽകി. സെമിനാറിൽ കിയാൽ എം.ഡി വി.തുളസീദാസ് മുഖ്യാതിഥിയായിരുന്നു. കിയാലിന്റെ കൈവശമുള്ള ഭൂമിയിൽ പുതുതായി ആരംഭിക്കാവുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചയും നടന്നു. സി. ജയചന്ദ്രൻ, ഷറഫുദ്ദീൻ വി.കെ, റഷീദ് കെ.പി, ജയദേവൻ, രവീന്ദ്രൻ കെ.പി, ഹാരിസ് എ.കെ, മധുകുമാർ ടി.വി എന്നിവർ പങ്കെടുത്തു. വിദേശ വിമാനങ്ങൾക്ക് സർവീസ് അനുമതി നേടിയെടുക്കുന്നതിന് അടുത്ത മാസം ദില്ലിയിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും തീരുമാനമായി.
വ്യോമയാനേതര വരുമാനത്തിനു ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനു കിയാൽ നിർദേശിക്കുന്ന മാനദണ്ഡം ലഘൂകരിക്കണമെന്നു കണ്ണൂർ എയർപോർട്ട് ഡവലപ്‌മെന്റ് ഫോറം. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികൾ പോലും രണ്ടു വർഷമായിട്ടും നടപ്പായില്ല. വിമാനത്താവള ഉദ്ഘാടന ഘട്ടത്തിൽ പ്രവർത്തനം തുടങ്ങുമെന്നു പ്രഖ്യാപിച്ച കാർഗോ കോംപ്ലക്‌സ് നടപ്പായില്ല. ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇല്ലാത്തതു കണ്ണൂരിലേക്കുള്ള യാത്രക്കാരെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. ഇവ ഉടൻ പ്രവർത്തനമാരംഭിക്കണം. ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടാകുന്ന ജിദ്ദയിലേക്ക് ഉടൻ വിമാന സർവിസ് തുടങ്ങണം. കോവിഡ് കാലത്ത് ആഭ്യന്തര യാത്രക്കാർ കൂടിയ സാഹചര്യത്തിൽ കൂടുതൽ ആഭ്യന്തര വിമാന സർവീസ് കണ്ണൂരിൽ എത്തിക്കാൻ നടപടി വേണം. വിമാനത്താവളത്തിലേക്കുള്ള വാഹന പാർക്കിങ് ഫീസ് അനാവശ്യമായി വർധിപ്പിച്ചതു പിൻവലിക്കണം. നിലവിലുള്ള ടാക്‌സി നിരക്ക് കുറയ്ക്കുന്നതോടൊപ്പം ഷെയർ ടാക്‌സി പദ്ധതി കൂടി നടപ്പാക്കണം. വടക്കേ മലബാറിലെ തീർഥാടകരെ ലക്ഷ്യമിട്ട് ഹജ് എംബാർക്കേഷൻ കണ്ണൂരിലും സ്ഥാപിക്കണം. വിമാനത്താവള വികസനത്തിനു ഐ.പി.എൽ, ഐ.എസ്.എൽ മത്സരങ്ങൾ നടത്താൻ അനുയോജ്യമായ സ്‌റ്റേഡിയം കണ്ണൂരിൽ സ്ഥാപിക്കണം. വിമാനത്താവളത്തിനെ അപകീർത്തിപ്പെടുത്താനുള്ള സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിനെതിരേ നടപടി വേണമെന്നും ഫോറം ആവശ്യപ്പെട്ടു.
ഫോറം ചെയർമാൻ കെ. വിനോദ് നാരായണൻ, കൺവീനർ എ.കെ ഹാരിസ്, ഹനീഷ് വാണിയംകണ്ടി, എൻ.പി.സി രംജിത്, വി.ജെ സഞ്ജീവ്, മഹേഷ് ചന്ദ്രബാലിഗ, സി.വി ദീപക്, എം.കെ ഷറഫുദ്ദീൻ, സഞ്ജയ് ആറാട്ടുപൂവൻ, സച്ചിൻ സൂര്യകാന്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.