കോട്ടയം - തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിലേക്ക് കടന്നതോടെ ഇരു കേരള കോൺഗ്രസുകളും കണക്കെടുപ്പിൽ. തങ്ങൾ നിലയുറപ്പിച്ച മുന്നണിയിലെ നിലനിൽപിനും വിലപേശലിനും മെച്ചപ്പെട്ട പ്രകടനം കൂടിയേ തീരൂ. പാർട്ടി പിളർപ്പിനു ശേഷമുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ കണക്കെടുപ്പിന്റെ തിരക്കിൽ.
പ്രചാരണത്തിനൊപ്പം തന്നെ സാധ്യതകൾ വിലയിരുത്തിയാണ് ഇരു കൂട്ടരും മുന്നേറിയത്. രണ്ടില ചിഹ്നം അനുവദിച്ചു കിട്ടിയതോടെ ജോസ് പക്ഷത്തിന് ആത്മവിശ്വാസം വർധിച്ചു. പരമ്പരാഗതമായി ചിഹ്നം നോക്കി വോട്ടു ചെയ്യുന്നവരെ പിടിച്ചു നിർത്താനാവും എന്നതാണ് അവരുടെ പ്രതീക്ഷ. ജോസ് പക്ഷത്തുളള പല യു.ഡി.എഫ് അനുകൂല അണികൾക്കും സി.പി.എം-സി.പി.ഐ ചിഹ്നത്തിൽ വോട്ടു ചെയ്യാൻ വൈമുഖ്യമുളളവരാണ്. ജോസഫ് വിഭാഗത്തിന് ചെണ്ടയാണ് കിട്ടിയത്. പക്ഷേ, ചിലയിടത്ത് ആ ചിഹ്നം സ്വതന്ത്ര ചിഹ്നമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്താനിടയുണ്ട്.
ഇത് ഒഴിവാക്കണമെന്നും ചെണ്ട ചിഹ്നമുള്ളവരെ ജോസഫ് വിഭാഗമായി അംഗീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും കാണിച്ച് പി.ജെ.ജോസഫ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയും കിട്ടി. ഇതോടെ ജോസഫ് പക്ഷവും ആഹഌദത്തിലായി. ജയിച്ച് വരാവുന്നവരുടെ എണ്ണം എടുക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പിന് ശേഷമുള്ള നിലനിൽപ്പിന്റെ മുന്നൊരുക്കങ്ങളും ഇരുകൂട്ടരും നടത്തുന്നു. വിജയ സാധ്യതയുള്ള വാർഡുകളുടെ കണക്കെടുപ്പ് അതത് ജില്ലാ കമ്മിറ്റികളാണ് നടത്തുന്നത്. ജില്ലാ, ബ്ലോക്ക്, നഗരസഭ, ഗ്രാമം തിരിച്ചാണ് വിലയിരുത്തൽ. ജനപ്രതിനിധികളുടെ എണ്ണം വരുംകാലത്തെ, അംഗീകാരത്തിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളിൽ നിർണായകമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും ഇരു കൂട്ടരുടെയും പക്ഷത്തുള്ള ജനപ്രതിനിധികളുടെ കണക്ക് തെളിവായി സ്വീകരിച്ചിരുന്നു. തദ്ദേശത്തിലെ പരമാവധി എണ്ണം ഇരുകൂട്ടർക്കും നിർണായകമാണ്. ചിഹ്നയുദ്ധത്തിൽ തത്കാലിക ജയം നേടിയ ജോസ് വിഭാഗം, തെരഞ്ഞെടുപ്പിൽ ചിഹ്നം പരമാവധി പ്രയോജനപ്പെടുത്തുകയും വൈകാരികമായി അത് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടില കിട്ടിയത് വലിയ ഭാഗ്യമായി ജോസ് വിഭാഗം കരുതുന്നു.