റിയാദ്- സ്വദേശി പൗരൻ നൽകിയ പരാതിയെ തുടർന്ന് നീണ്ട ഒമ്പത് വർഷം നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായ തിരുവനന്തപുരം കല്ലറ സ്വദേശി റിയാദ് നവോദയയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. 15 വർഷമായി ഷിഫ സനായയിൽ കാർപെന്ററായി ജോലി ചെയ്ത രാമചന്ദ്രൻ ആശാരിയാണ് (54) കഴിഞ്ഞ ദിവസം നാടണഞ്ഞത്. ജോലിയുമായി ബന്ധപ്പെട്ട് ഒരു സ്വദേശി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് രാമചന്ദ്രന്റെ യാത്ര മുടങ്ങിയത്. പോലീസ് കേസുള്ളതിനാൽ ഇതിനിടയിൽ വന്ന പൊതുമാപ്പുകളും പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. നാട്ടിലേക്കു മടങ്ങാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതിനെ തുടർന്ന് മാനസിക വിഭ്രാന്തിയിലായ ഇദ്ദേഹം ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. രാമചന്ദ്രന്റെ ദുരിതാവസ്ഥ മനസ്സിലാക്കി നവോദയ സെക്രട്ടറി രവീന്ദ്രൻ ഇദ്ദേഹത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
നവോദയ ജീവകാരുണ്യ വിഭാഗം കൺവീനർ ലത്തീഫ് കല്ലമ്പലം ഇന്ത്യൻ എംബസിയിൽനിന്ന് അനുമതിപത്രം കരസ്ഥമാക്കി പോലീസ് സ്‌റ്റേഷനെ സമീപിക്കുകയും രാമചന്ദ്രന്റെ കേസ് ഒത്തുതീർപ്പാക്കുകയുമായിരുന്നു. ഒമ്പത് വർഷമായി തുടരുന്ന നിയമ കുരുക്ക് അഴിഞ്ഞതിനെ തുടർന്ന് തർഹീലിൽ നിന്ന് എക്‌സിറ്റ് വിസ ഇഷ്യു ചെയ്യുന്നതിനും തടസ്സം നേരിട്ടില്ല. ബുധനാഴ്ച നാട്ടിലേക്കു മടങ്ങിയ രാമചന്ദ്രൻ ആശാരിക്ക് വിമാന ടിക്കറ്റ് ചെലവ് വഹിച്ചതും നവോദയ പ്രവർത്തകരാണ്. - സുലൈമാൻ ഊരകം