Sorry, you need to enable JavaScript to visit this website.

സ്റ്റിക്കർ പതിച്ചുള്ള ചേംബർ അറ്റസ്റ്റേഷൻ നിർത്തി; ഇനി ഓൺലൈനിൽ മാത്രം

റിയാദ് -  സ്ഥാപനങ്ങളുടെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിന് സ്റ്റിക്കർ പതിച്ചുള്ള അറ്റസ്റ്റേഷൻ റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് നിർത്തി. ചേംബറിന്റെ വെബ്‌സൈറ്റിലെ ഓൺലൈൻ സർവീസ് വഴിയാണ് ഇനി രേഖകൾ സാക്ഷ്യപ്പെടുത്തേണ്ടതെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ അഹമദ് അൽസുവൈലിം അറിയിച്ചു. ബുധനാഴ്ച മുതലാണ് പുതിയ വ്യവസ്ഥ നിലവിൽ വന്നത്.
ചേംബർ ഓഫ് കൊമേഴ്‌സ് സേവനങ്ങൾ പൂർണമായും ഓൺലൈൻ വത്കരിക്കുന്നതിന്റെ രണ്ടാം ഘട്ടമാണിതെന്നും എല്ലാ സ്ഥാപനങ്ങളും ഇതുപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയതോടെ കഴിഞ്ഞ രണ്ടു ദിവസമായി രേഖകളുമായി എത്തുന്നവരെ ചേംബർ ഓഫീസുകൾ തിരിച്ചയക്കുകയാണ്.
ചേംബർ ഓഫ് കൊമേഴ്‌സിന്റെ വെബ്‌സൈറ്റിലെ ഓൺലൈൻ സർവീസുകൾ സ്ഥാപനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ പ്രത്യേക രജിസ്‌ട്രേഷൻ നിർബന്ധമാണ്. സന്ദർശക വിസകളുൾപ്പെടെ ഓൺലൈൻ വഴിയുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ആറു മാസം മുമ്പ് തന്നെ ചേംബർ ഓഫ് കൊമേഴ്‌സ് ഓൺലൈൻവത്കരിച്ചിരുന്നു. അതിനായി അന്ന് മിക്ക കമ്പനികളും 'ബവ്വാബതു അഅ്മാലി' വഴി ഓൺലൈൻ അക്കൗണ്ട് ആരംഭിച്ചതാണ്. 
ഓൺലൈൻ അക്കൗണ്ടില്ലാത്ത സ്ഥാപനങ്ങളുടെ ഉടമകൾ റിയാദ് എക്‌സിറ്റ് പത്തിലെ കിംഗ് അബ്ദുല്ല റോഡിൽ പ്രവർത്തിക്കുന്ന ചേംബർ ഓഫ് കോമേഴ്‌സ് ആസഥാനത്ത് നേരിട്ടെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഓരോ സ്ഥാപനത്തിനും ഒരു യൂസർ നൈമും പാസ്‌വേർഡുമുള്ള പ്രത്യേക അക്കൗണ്ട് ലഭിക്കും. ഒന്നിലധികം ഉടമകളുള്ള സ്ഥാപനങ്ങളാണെങ്കിൽ ഏതെങ്കിലും ഒരാൾ ചേംബർ ഓഫീസിൽ നേരിട്ടെത്തിയാൽ മതി.
പാസ്‌വേർഡ് ഉപയോഗിച്ച് സൈറ്റിൽ പ്രവേശിക്കുന്നതോടെ വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും അപേക്ഷകളും മറ്റും സാക്ഷ്യപ്പെടുത്താനുള്ള പ്രത്യേക ഫോർമാറ്റുകൾ കാണാനാവും. ആവശ്യമുള്ളവ സെലക്ട് ചെയ്താൽ പ്രത്യേക നമ്പർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലെത്തും. ഈ കോഡ് ഉപയോഗിച്ച് ഇതേ സൈറ്റിൽ തന്നെ പരിശോധിച്ചാൽ സാക്ഷ്യപ്പെടുത്തിയതായുള്ള റിപ്പോർട്ട് ലഭിക്കും. ഇത് പ്രിന്റെടുത്ത് രേഖയുടെ കൂടെ വെക്കാവുന്നതാണ്. 
ഓൺലൈൻ സർവീസിൽ 250 മുതൽ 10,000 റിയാൽ വരെ പണമടക്കാനുള്ള സംവിധാനവുമുണ്ട്. സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ഈ അക്കൗണ്ടിൽ നിന്ന് 25 റിയാൽ ചേംബർ അതോറിറ്റി ഈടാക്കിക്കൊണ്ടിരിക്കും. സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളതും എന്നാൽ സൈറ്റിൽ ഫോർമാറ്റ് ഇല്ലാത്തതുമായ ഓപൺ അപേക്ഷകൾ ടൈപ്പ് ചെയ്ത് സാക്ഷ്യപ്പെടുത്താനുള്ള സംവിധാനവും ചേംബർ ഒരുക്കിയിട്ടുണ്ട്.
 

Latest News