തിരുവനന്തപുരം- തന്റെ ജീവന് ഭീഷണിയുണ്ടെന്നും ജയിലിൽ തന്റെ സുരക്ഷ വർധിപ്പിക്കണമെന്നും സ്വപ്‌ന സുരേഷ് കോടതിയിൽ ആവശ്യപ്പെട്ടു. പോലീസുകാരെന്ന് സംശയിക്കുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടിരുന്നെന്നും സ്വപ്‌ന സുരേഷ് കോടതിയിൽ മൊഴി നൽകി. ഒരു കാരണവശാലും സ്വർണക്കടത്ത് കേസിലെ ഉന്നതരുടെ പേര് അന്വേഷണ ഏജൻസികളോട് പറയരുതെന്നാണ് അവർ ആവശ്യപ്പെട്ടത്. അന്വേഷണ ഏജൻസികളുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന് അവർ തന്നോട് പറഞ്ഞെന്നും സ്വപ്ന കോടതിയെ അറിയിച്ചു. പുതിയ അഭിഭാഷകനാണ് സ്വപ്‌നയ്ക്ക് വേണ്ടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കോടതിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് സ്വപ്‌ന നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടർന്ന് അഭിഭാഷകനുമായി സംസാരിച്ച് കാര്യം എഴുതി നൽകണമെന്ന് കോടതി പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്വപ്‌ന ഇക്കാര്യം അഭിഭാഷകൻ മുഖേന എഴുതി നൽകിയത്.