കണ്ണിനും മനസ്സിനും കുളിർമയേകി സ്പാത്തോഡിയ മരങ്ങൾ പൂവിട്ടു. മറയൂരിൽനിന്ന് മൂന്നാറിലേക്കുള്ള പാതയുടെ ഇരുവശവും ചുവന്ന കുടചൂടി നിൽക്കുകയാണ് സ്പാത്തോഡിയ എന്ന ഫൗണ്ടൻ മരം. ശീതകാലത്തിന്റെ വരവറിയിച്ച് തേയിലത്തോട്ടങ്ങളുടെ നടുവിലായി പച്ചപ്പിന്റെ പശ്ചാത്തലത്തിൽ കടുംചുവപ്പ് നിറത്തിൽ പൂവിട്ടിരിക്കുന്ന സ്പാത്തോഡിയ സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാണ്.
കണ്ടാലും കണ്ടാലും മതിവരാത്ത മനോഹരമായ കുന്നിൻചെരിവുകളും പൂക്കുലയിട്ടു നിൽക്കുന്ന ഈ മരങ്ങളും തേയിലത്തോട്ടങ്ങളുമാണ് ഇവിടെയെത്തുന്നവരെ എന്നും ആകർഷിക്കുന്നത്.
ഹൈറേഞ്ചിൽ തേയിലത്തോട്ടങ്ങൾ ആരംഭിക്കുന്ന കാലത്ത് തൊഴിലാളികൾക്ക് മലേറിയ പടർന്നു പിടിച്ചതോടെ കൊതുകിനെ തുരത്താനായിട്ടാണ് ബ്രിട്ടീഷുകാർ സ്പാത്തോഡിയ മരങ്ങൾ വച്ചുപിടിപ്പിച്ചത്.
ബിഗ്‌നോണിയേസ് കുടുംബത്തിൽപ്പെട്ട ഇവ ആഫ്രിക്കൻ മേഖലയിൽനിന്ന് പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ എത്തിയതെന്ന് പറയപ്പെടുന്നു. പുഷ്പദളങ്ങൾക്ക് കൊതുമ്പിന്റെ ആകൃതിയുള്ളതിൽ ഇവ 'സ്പാത്തോഡിയ കാമ്പനുലേറ്റ' എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെടുന്നത്. സ്‌കൂട്ട് മരം, ആഴാന്തൽ, മണിപ്പൂ മരം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
35 മീറ്റർവരെ ഉയരത്തിൽ വളരുന്ന ഇല കൊഴിയും മരമായ ഇവ ഒരുമിച്ച് ഇല കൊഴിക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പൂക്കൾ ശാഖാഗ്രത്തിൽ കൂട്ടമായി വളരും. പൂമൊട്ടിൽ വെള്ളം ഉണ്ടാവുന്നതിനാൽ പൂക്കളിൽ അമർത്തിയാൽ വെള്ളം തെറിച്ചു വരുന്നതിനാലാണ് ഫൗണ്ടൻ മരം എന്ന പേര് വന്നതെന്നും പറയുന്നു. പൂക്കൾ മനുഷ്യനെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ ചില രാജ്യങ്ങൾ ഈ മരങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്.