ഗവി അത്ര ഓർഡിനറി സ്ഥലമല്ല. ഓർഡിനറി സിനിമ കണ്ടവർക്ക് ഗവിയും ഗവിയിലെ ആളുകളും ഗവിയിലെ കാഴ്ചകളും ഒക്കെ മനസ്സിന് കുളിർമയേകുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ ഒരു നല്ല യാത്ര ചെയ്യുവാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? ജോലിയുടെ എല്ലാ തിരക്കും ഒഴിച്ചുവെച്ചിട്ട് കുടുംബവുമൊത്ത് ഒരു നല്ല യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. അതും ഗവി പോലുള്ള സ്ഥലത്തേക്ക്. ഗവിയുടെ വന്യ സൗന്ദര്യം ഉള്ളിൽ പ്രണയവും പ്രകൃതി സ്‌നേഹവും വർദ്ധിപ്പിക്കും. 2011 ന് ശേഷം ആണ് ഗവിയുടെ വന്യ സൗന്ദര്യം കേരളം തിരിച്ചറിഞ്ഞത്. ഇപ്പോൾ ഗവി കാണുവാൻ വേണ്ടി വരുന്നവരുടെ തിരക്കാണ്. എന്നാൽ ഇവിടെ വരുന്നവർക്ക് ഗവിയെ അടുത്തറിയാൻ സാധിക്കുന്നത് ഒരു പരിധി വരെ മാത്രം. മണ്ണിനെയും പ്രകൃതിയെയും കാടിന്റെ മനോഹാരിതയ്ക്കപ്പുറമുള്ള വന സൗന്ദര്യവും തിരിച്ചറിയുന്നവർക്ക് ഗവി സുന്ദരമായ കാഴ്ചയുടെ വിരുന്നാണ് ഒരുക്കി നൽകുന്നത്. വിനോദ സഞ്ചാരികളിൽ പലർക്കും ഗവി നവ്യാനുഭവമാണ്.
പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്. വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്നു.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്. സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. വള്ളക്കടവിൽ നിന്നും 17 കിലോമീറ്റർ യാത്രയുണ്ട് ഗവിയിലേക്ക്. അഭൂതപൂർവമായ ശാന്തതയും കാടിന്റെ സ്വച്ഛതയ്ക്കപ്പുറം ശുദ്ധവായുവിന്റെ സാന്നിധ്യവും തിരിച്ചറിയാം. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്‌നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു.