തിരുവനന്തപുരം- നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇ.ഡിയുടെ സമൻസ് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീ. െ്രെപവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റായി. വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ സി.എം.രവീന്ദ്രന് ഇ.ഡി. സമൻസ് അയച്ചിരുന്നു.
ഇത് മൂന്നാംവട്ടമാണ് ചോദ്യംചെയ്യലിന്റെ തൊട്ടുമുൻപേ രവീന്ദ്രൻ ആശുപത്രിയിൽ പ്രവേശിക്കുന്നത്. തനിക്ക് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിന്റെ ഭാഗമായാണ് ചികിത്സയ്ക്ക് എത്തിയതെന്നുമാണ് സി.എം രവീന്ദ്രന്റെ വിശദീകരണം. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്‌നങ്ങൾ ഉള്ളതിനാൽ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യൽ. സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ വകുപ്പിനു നോട്ടീസ് നൽകി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറൽമാരോടാണ് അടിയന്തരമായി വിവരങ്ങൾ തേടിയിരിക്കുന്നത്.