റിയാദ് - സൗദി സാഹിത്യകാരിയും മാധ്യമപ്രവർത്തകയുമായ ബദ്രിയ അൽബിശ്റിന്റെ നോവൽ 'സായിറാത്തുൽഖമീസ്' വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന് സാംസ്കാരിക, ഇൻഫർമേഷൻ മന്ത്രാലയം നിർദേശം നൽകി. സാംസ്കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിലെ പഴയ അഡ്മിനിസ്ട്രേഷനാണ് ഈ നോവലിന് ക്ലിയറൻസ് നൽകിയത്. ഇതേ കുറിച്ച് അന്വേഷണം നടത്തുന്നതിനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് ഹാനി അൽഗുഫൈലി അറിയിച്ചു.
കുട്ടികൾക്ക് അനുയോജ്യമല്ലാത്ത അശ്ലീല ഉള്ളടക്കം അടങ്ങിയ ബദ്രിയ അൽബിശ്റിന്റെ നോവൽ ജരീർ ബുക്സ്റ്റോറിൽ ബാല സാഹിത്യ കൃതികൾ വിൽക്കുന്ന വിഭാഗത്തിൽ വിൽപനക്ക് പ്രദർശിപ്പിച്ചതിനെ കുറിച്ച് സൗദി പൗരൻ നവാഫ് അൽമഹ്ദി പരാതിപ്പെട്ടിരുന്നു. ഉടൻ തന്നെ വിവാദ നോവൽ ജരീർ ബുക്സ്റ്റോർ അധികൃതർ പിൻവലിച്ചു. ഉള്ളടക്കം ശ്രദ്ധിക്കാതെയാണ് നോവൽ താൻ വാങ്ങിയതെന്നും എന്നാൽ ഇതിലും വലിയ അബദ്ധമാണ് ജരീർ ബുക്സ്റ്റോറിന്റെ ഭാഗത്തുണ്ടായതെന്നും സൗദി പൗരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു. തുടർന്നാണ് പുസ്തകം പിൻവലിച്ചതായി ജരീർ ബുക്സ്റ്റോർ അധികൃതർ അറിയിച്ചത്.
പൊതുസമൂഹത്തിന്റെ താൽപര്യങ്ങൾക്ക് നിരക്കാത്ത നിലപാടുകൾ പ്രകടിപ്പിച്ച് ബദ്രിയ അൽബിശ്ർ പലപ്പോഴും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2012 ൽ കുവൈത്ത് സന്ദർശിക്കുന്നതിൽ നിന്ന് ഇവരെ കുവൈത്ത് വിലക്കിയിരുന്നു. മറ്റൊരിക്കൽ വേറൊരു ഗൾഫ് രാജ്യം ഇവരുടെ പ്രഭാഷണം റദ്ദാക്കി. പ്രഭാഷണത്തിന് അനുമതി നൽകരുതെന്ന നാട്ടുകാരുടെ അപേക്ഷ മാനിച്ചായിരുന്നു ഇത്. 'ഹിന്ദ് വൽഅസ്കർ' എന്ന ഇവരുടെ നോവലിൽ ദൈവനിന്ദ അടങ്ങിയതായും ആരോപണങ്ങളുണ്ട്. സാമൂഹിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ബദ്രിയ അൽബിശ്ർ നിരവധി കൃതികളുടെ രചയിതാവാണ്.