ജിസാൻ- ജിസാൻ റിഫൈനറിയിൽ നിന്ന് ആയിരത്തിലേറെ സൗദി ജീവനക്കാരെ പിരിച്ചുവിടുന്നു. 84 സൗദികളെ പിരിച്ചുവിടുന്നതിനുള്ള തീരുമാനം കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ 1,047 സൗദികളെയാണ് റിഫൈനറിയിൽ നിന്ന് പിരിച്ചുവിടുന്നത്. അവശേഷിക്കുന്നവരെ വരും ദിവസങ്ങളിൽ പിരിച്ചുവിടുമെന്നാണ് വിവരം. ജിസാൻ റിഫൈനറി നിർമാണത്തിന് സൗദി അറാംകൊയുമായി കരാർ ഒപ്പുവെച്ച കമ്പനിയാണ് സൗദികളെയും വിദേശികളെയും പിരിച്ചുവിടുന്നത്. സൗദി അറാംകൊയുമായി ഒപ്പുവെച്ച കരാർ പ്രകാരമുള്ള ജോലികൾ പൂർത്തിയായ പശ്ചാത്തലത്തിൽ ജീവനക്കാരുടെ കരാറുകൾ പുതുക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. 1,047 സൗദി ജീവനക്കാരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിക്കുന്നതിന് കമ്പനി നടപടികൾ ആരംഭിച്ചിട്ടുണ്ട്. തൊഴിൽ കരാർ പ്രകാരം മുപ്പതു ദിവസം മുമ്പ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാത്തപക്ഷം കരാർ ഒരു വർഷത്തേക്ക് കൂടി ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടും. ഈ വ്യവസ്ഥ പാലിക്കാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്.
അന്യായമായ പിരിച്ചുവിടൽ നിയമ വിരുദ്ധമാണെന്ന് കമ്പനി മാനേജറായ അറബ് വംശജനെ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. കരാർ പുതുക്കില്ലെന്നും വേതനം വിതരണം ചെയ്യില്ലെന്നും നിയമം ലംഘിച്ചതിന് പിഴ ഒടുക്കുന്നതിന് തയാറാണെന്നുമാണ് ഇതിനു മറുപടിയായി മാനേജർ പറഞ്ഞത്. അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ കമ്പനിക്ക് ലേബർ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പിരിച്ചുവിടൽ തീരുമാനം അറിഞ്ഞ തൊഴിലാളികൾ കമ്പനി കോംപൗണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. എൻജിനീയർമാർ അടക്കമുള്ളവരാണ് തൊഴിൽരഹിതരായി മാറുന്നത്.
വർഷങ്ങളോളം പരിശീലനം നേടുകയും ജോലിയെടുക്കുകയും ചെയ്ത് രാഷ്ട്ര സേവനം മോഹിച്ച് കഴിഞ്ഞ തങ്ങളെ കമ്പനി പിരിച്ചുവിടുകയാണ്.
ജിസാൻ ഇക്കണോമിക് സിറ്റി പടുത്തുയർത്തിയ തങ്ങളെ അപ്രതീക്ഷിതമായി കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ഭരണാധികാരികൾ ഇടപെട്ട് തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു.