റിയാദ് - സൗദി അറേബ്യ ഈ വർഷം താരതമ്യേന കുറഞ്ഞ സാമ്പത്തിക ശോഷണമാണ് നേരിടുകയെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. സൗദി സെൻട്രൽ ബാങ്ക് വെർച്വൽ രീതിയിൽ സംഘടിപ്പിച്ച അഞ്ചാമത് ധനസ്ഥിരതാ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഈ കൊല്ലം 3.2 ശതമാനം സാമ്പത്തിക ശോഷണമാണ് പ്രതീക്ഷിക്കുന്നത്. ജി-20 രാജ്യങ്ങളിൽ ഈ വർഷം പ്രതീക്ഷിക്കുന്ന ശരാശരി സാമ്പത്തിക ശോഷണം ആറു ശതമാനമാണ്. സൗദിയിൽ പ്രതീക്ഷിക്കുന്ന ശോഷണം ഇതിൽ ഏറെ കുറവാണ്.
കൊറോണ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിൽ നാലു വർഷം മുമ്പ് സൗദി അറേബ്യ പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതി പ്രത്യക്ഷവും നിർണായകവുമായ സ്വാധീനം ചെലുത്തി. കൊറോണാ പ്രതിസന്ധിയോട് സൗദി അറേബ്യ പെട്ടെന്ന് പ്രതികരിക്കുകയും വിവിധ വകുപ്പുകൾ ഒരു ടീമെന്നോണം അത് കൈകാര്യവും ചെയ്തു. പകർച്ചവ്യാധി പടർന്നുപിടിച്ചതിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് സൗദി അറേബ്യ നേരിട്ട് ഇടപെട്ടു.
കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതോടെ സൗദി അറേബ്യ സ്വകാര്യ മേഖലകൾ, തൊഴിൽ സംരക്ഷണം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയെ പിന്തുണക്കുന്നതിന് നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചു. ആരോഗ്യ സംവിധാനവുമായി വ്യക്തമായ യോജിപ്പോടെയും പ്രവർത്തിച്ചു. പകർച്ചവ്യാധി നേരിടുന്നതിൽ ഈ നടപടികൾ വലിയ സ്വാധീനം ചെലുത്തി. ഇതിലൂടെ പൂർണമായ ലോക്ഡൗണിൽ നിന്ന് വേഗത്തിൽ പുറത്തു കടക്കാനും സമ്പദ്‌വ്യവസ്ഥയെ വളർച്ചയിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ നേരിടാൻ സ്വകാര്യ, പൊതുമേഖലകൾ സംയോജനത്തോടെ പ്രവർത്തിച്ചു. ലോകത്തെ മുഴുവൻ ആശങ്കപ്പെടുത്തുന്ന വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും സൗദി സമ്പദ്‌വ്യവസ്ഥ നല്ല ഫലങ്ങൾ കൈവരിച്ചുവരികയാണ്.
കൊറോണ മഹാമാരി മൂലം ഈ വർഷം സാക്ഷ്യം വഹിച്ചതു പോലുള്ള ഒരു പ്രതിസന്ധിക്ക് ലോകം മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ല. ആരോഗ്യ സംരക്ഷണത്തിനും മനുഷ്യ ജീവനും മറ്റെന്തിനേക്കാളും ഉപരി മുൻഗണന നൽകുന്ന നടപടികളാണ് സൗദി അറേബ്യ സ്വീകരിച്ചത്. ലോക്ഡൗൺ മൂലം ചില പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും വിഷൻ 2030 പദ്ധതി പ്രകാരമുള്ള പ്രോഗ്രാമുകൾ തുടരും. പ്രതിസന്ധി മൂലം താൽക്കാലികമായി നിർത്തിവെച്ച പദ്ധതികൾ പഴയ പോലെ പുനരാരംഭിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ചതു പോലെ പൊതുധന വിനിയോഗ പദ്ധതികൾ മുന്നോട്ടു പോവുകയാണ്. പകർച്ചവ്യാധി പ്രതിസന്ധിയോട് സൗദി അറേബ്യയും ലോകത്തെ ഏതാനും രാജ്യങ്ങളും വേഗത്തിൽ പ്രതികരിച്ചു. കാര്യങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഇത് നല്ല സ്വാധീനം ചെലുത്തി.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ചില പദ്ധതികൾക്കും പ്രോഗ്രാമുകൾക്കും വേണ്ടി ആകെ നീക്കിവെച്ച ചെലവിന്റെ 93 ശതമാനം നവംബർ അവസാനത്തോടെ ചെലവഴിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 3.4 ശതമാനത്തിന് തുല്യമായ സാമ്പത്തിക ഉത്തേജക പാക്കേജുകളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. മറ്റു ജി-20 രാജ്യങ്ങളിൽ ഉത്തേജക പാക്കേജുകൾക്ക് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ ശരാശരി ഒമ്പതു ശതമാനം നീക്കിവെച്ചിട്ടുണ്ട്. എന്നാൽ സൗദിയിൽ ഉത്തേജക പദ്ധതികളുടെ സ്വാധീനം കൂടുതൽ ഗുണകരമായിരുന്നു. ഉത്തേജക പദ്ധതികളുടെ അനുപാതത്തെ ചൊല്ലി മറ്റു രാജ്യങ്ങൾ സൗദി അറേബ്യയെ വിമർശിച്ചു.
എന്നാൽ ഉത്തേജക പദ്ധതികളുടെ സ്വാധീനം പരിശോധിക്കുമ്പോൾ സാമ്പത്തിക ശോഷണത്തിന്റെ കാര്യത്തിൽ ജി-20 രാജ്യങ്ങളിൽ ഏറ്റവും മികച്ച രാജ്യം സൗദി അറേബ്യയാണെന്ന് കാണാൻ കഴിയും. 200 ബില്യണിലേറെ റിയാലിന്റെ ഉത്തേജക പാക്കേജാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. കൊറോണ പ്രതിസന്ധി ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച മേഖലകൾക്കാണ് ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതെന്നും ധനമന്ത്രി പറഞ്ഞു.