റിയാദ് - വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സൗദിയിൽ തൊഴിൽ നേടിയ 198 വിദേശ എൻജിനീയർമാർ ഏതാനും മാസങ്ങൾക്കിടെ കുടുങ്ങി. ഇവർക്കെതിരായ കേസുകൾ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അസിസ്റ്റന്റ് എൻജിനീയർമാരുടെയും എൻജിനീയറിംഗ് ബിരുദം നേടിയ ടെക്‌നീഷ്യന്മാരുടെയും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തുന്നതിന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദേശം നൽകിയിട്ടുണ്ട്. അഞ്ചു മാസത്തിനിടെ 20,000 ഓളം സർട്ടിഫിക്കറ്റുകൾ കൗൺസിൽ സൂക്ഷ്മ പരിശോധന നടത്തി. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നവർക്ക് തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. കൂടാതെ ഇവർക്ക് വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തും.
സൗദിയിൽ പ്രവേശിക്കുന്നതിനു മുമ്പു തന്നെ എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന രീതി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് നടപ്പാക്കിയിട്ടുണ്ട്. കൂടാതെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന എൻജിനീയർമാർക്ക് ചുരുങ്ങിയത് അഞ്ചു വർഷത്തെ പരിചയസമ്പത്ത് നിർബന്ധമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സൗദി കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദേശ എൻജിനീയർമാരുടെ പക്കലുള്ള സർട്ടിഫിക്കറ്റുകൾ കൗൺസിൽ പരിശോധിക്കും.
സൗദിയിൽ എത്തിയ ശേഷം വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന് കണ്ടെത്തുന്നവർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് കൗൺസിൽ ചെയ്യുന്നത്.
പുതിയ ഇഖാമ നേടുന്നതിനും ഇഖാമ പുതുക്കുന്നതിനും മുമ്പായി വിദേശ എൻജിനീയർമാർ ഓൺലൈൻ വഴി കൗൺസിലിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത യൂനിവേഴ്‌സിറ്റികൾ അവ ഒറിജിനലാണെന്ന് അറിയിക്കുന്നപക്ഷം വിദേശ എൻജിനീയർമാരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുകയും ചെയ്യും. ഇക്കാര്യം ഓൺലൈൻ വഴി ജവാസാത്ത് ഡയറക്ടറേറ്റിനെയും അറിയിക്കും.
വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചുമതലയുള്ള കമ്പനിയുടെ റിപ്പോർട്ടും യൂനിവേഴ്‌സിറ്റി കത്തും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് ഔദ്യോഗികമായി സമർപ്പിക്കും. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന, പരിചയസമ്പത്ത് വ്യവസ്ഥ തീരുമാനം ഏറ്റവും മികച്ച നിലയിൽ നടപ്പാക്കുന്നതിന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെയും ജവാസാത്തിനെയും നാഷണൽ ഇൻഫർമേഷൻ സെന്ററിനെയും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്.
ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് പൂർണമായും നിർത്തിവെക്കും. വിദേശ എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഇതിനകം വിസ നേടിയ കമ്പനികളും സ്ഥാപനങ്ങളും ജനുവരി ഒന്നിനു മുമ്പായി എൻജിനീയർമാരെ റിക്രൂട്ട് ചെയ്തിരിക്കണം. ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തിൽ കുറവ് പരിചയസമ്പത്തുള്ള എൻജിനീയർമാരെ ഒരു കാരണവശാലും റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കില്ല. നിലവിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് മൂന്നു വർഷത്തെ തൊഴിൽ പരിചയം നിർബന്ധമാണ്.