കോഴിക്കോട് - സാമ്പത്തിക സംവരണ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും പി.എസ്.സിയോടും ഹൈക്കോടതി വിശദീകരണം തേടി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് നടപടി. വിദ്യാഭ്യാസ-ഉദ്യോഗ രംഗങ്ങളിൽ നടപ്പിലാക്കിയ സംവരണം ചോദ്യം ചെയ്താണ് ഹരജി.
103ാം ഭരണഘടനാ ഭേദഗതിയെയും മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ സംസ്ഥാന സർക്കാറിന്റെയും പി.എസ്.സിയുടെയും ഉത്തരവുകളെയും ചോദ്യം ചെയ്താണ് സോളിഡാരിറ്റി ഹരജി സമർപ്പിച്ചത്. മുന്നോക്ക സംവരണം നടപ്പാക്കാനായി സംസ്ഥാന സർക്കാർ അടിസ്ഥാനമാക്കിയ കമ്മീഷൻ റിപ്പോർട്ടിന്റെ സാധുതയും ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. മുന്നോക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സമൂഹത്തിൽ കൂടുതൽ അസമത്വങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഹരജിയിലെ പ്രധാന വാദം. ശാസ്ത്രീയമായ പഠനങ്ങൾ ഇല്ലാതെ, രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഈ സംവരണം നടപ്പാക്കിയത്. അതിനാൽ നിലവിലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വമായ സാമൂഹിക നീതിക്ക് വിരുദ്ധമാണെന്നും അതിനാൽ സംവരണം നൽകിയ ഭേദഗതിയും സർക്കാർ, പി.എസ്.സി ഉത്തരവുകളും റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.