മുക്കം- എരഞ്ഞിമാവിലെ ഗെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത്യബോധമുള്ളവരാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന പാർട്ടിയുടെ പ്രാദേശിക കമ്മിറ്റി തള്ളി. സി.പി.എം ഭരിക്കുന്ന കാരശേരി പഞ്ചായത്താണ് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന തള്ളിയത്. എരഞ്ഞിമാവിലെ സമരത്തിന് സി.പി.എം പ്രാദേശിക കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സഹചര്യം നിലനിൽക്കെയാണ് ജില്ലാ കമ്മിറ്റി സമരത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരാണ് എന്ന പ്രസ്താവന ജില്ലാ കമ്മിറ്റി നടത്തിയത്. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമായെങ്കിലും പ്രസ്താവന തിരുത്താൻ ജില്ലാ കമ്മിറ്റി തയ്യാറായില്ല.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സമരത്തിന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതിനെതിരെയാണ് ജില്ലാ കമ്മിറ്റി പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഇന്ന് രാവിലെ യു.ഡി.എഫ് നേതാക്കൾ എരഞ്ഞിമാവിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാട്ടുകാരുടെ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
സമരം രൂക്ഷമായിട്ടും ജില്ലാ കലക്ടർ അടക്കമുള്ളവർ സമരസ്ഥലത്തേക്ക് വന്നിട്ടില്ല. സംസ്ഥാന സർക്കാറിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ജില്ലാ കലക്ടർ യു.വി ജോസ് അറിയിച്ചത്. സമരക്കാരുമായി ചർച്ച നടത്താമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും സമരക്കാർ വഴങ്ങിയിട്ടില്ല. ഗെയിൽ പൈപ്പ്‌ലൈൻ പണി നിർത്താതെ സമരമില്ലെന്നാണ് സമരക്കാരുടെ നിലപാട്.