Sorry, you need to enable JavaScript to visit this website.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉടൻ നിർത്തിവെക്കണം-യു.ഡി.എഫ്

മുക്കം- ഗെയിൽ പൈപ്പ് ലൈൻ ജോലികൾ ഉടൻ നിർത്തിവെക്കണമെന്നും സമരക്കാരുമായി ചർച്ചക്ക് തയ്യാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുക്കം എരഞ്ഞിമാവിൽ സന്ദർശനം നടത്തിയ യു.ഡി.എഫ് നേതാക്കളാണ് ആവശ്യം ഉന്നയിച്ചത്. പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങൾക്ക് സർക്കാറിനായിരിക്കും ഉത്തരവാദിത്തമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുന്നറിയിപ്പ് നൽകി. നാട്ടുകാർക്ക് പറയാനുള്ളത് കേൾക്കാനും പരിഹാരം കാണാനുമുള്ള സന്മനസ് സർക്കാർ കാണിക്കണം. അല്ലെങ്കിൽ പ്രശ്‌നം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.
കാലപ്പഴക്കമുള്ള പൈപ്പ്‌ലൈനുകളാണ് ഉപയോഗിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. ജെ.സി.ബിയുമായി വന്ന് മാപ്പ് നോക്കി അവർക്ക് ഇഷ്ടമുള്ളത് ചെയ്യുകയാണ്. ക്രിമിനൽ കുറ്റമാണ് ഗെയിൽ ചെയ്തത്. 1962-ലെ നിയമം അനുസരിച്ച് പെട്രോളിയം മിനറൽ പദ്ധതികൾ ജനവാസ കേന്ദ്രങ്ങൾ വഴി കൊണ്ടുപോകരുത് എന്നാണ്. ജനാധിപത്യസർക്കാർ സ്വീകരിക്കുന്ന ന്യായമായ കാര്യങ്ങൾ പോലും സർക്കാർ ചെയ്യുന്നില്ല. ഏകാധിപതിയുടെ സ്വഭാവമാണ് മുഖ്യമന്ത്രിക്ക്. ഇത് ഒരു കമ്യൂണിസ്റ്റ് സർക്കാറിന് പറ്റിയ രീതിയല്ലെന്നും സുധീരൻ പറഞ്ഞു.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന സർക്കാർ വാദവും തെറ്റാണ്. പൈപ്പും കെട്ടിടങ്ങളും തമ്മിൽ ആയിരം മീറ്റർ അകലം പാലിക്കണമെന്നാണ് നിയമം. ഓരോ എട്ട് കിലോമീറ്ററിലും സെയ്ഫ് വാൽവ് നിർമിക്കണമെന്ന നിയമവും പാലിച്ചിട്ടില്ല. അപകടമുണ്ടായാൽ അത് മറികടക്കുന്നതിനുള്ള സംവിധാനങ്ങളില്ല. നിർമാണപ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
 

Latest News