റിയാദ് - അമേരിക്കയിലെ മുന്‍ സൗദി അംബാസഡറും മുന്‍ സൗദി രഹസ്യാന്വേഷണ ഏജന്‍സി തലവനുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരനും ഇസ്രായില്‍ വിദേശ മന്ത്രി ഗാബി അശ്കനാസിയും തമ്മില്‍ രൂക്ഷമായ വാഗ്വാദം. മനാമ സെക്യൂരിറ്റി ഡയലോഗ് സമ്മേളനത്തില്‍ വെച്ച് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ ഇസ്രായിലിനെതിരെ ആഞ്ഞടിച്ചതാണ് ഇതേ സെഷനില്‍ പങ്കെടുത്ത ഇസ്രായില്‍ വിദേശ മന്ത്രിയെ ചൊടിപ്പിച്ചത്. ഇസ്രായിലിന്റെ മുഖമുദ്ര കാപട്യമാണെന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ അധിനിവേശം തുടരുന്ന ഇസ്രായില്‍ അറബ് രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇസ്രായിലിന്റെ പക്കല്‍ ആണവായുധ ശേഖരമുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ സൗദി അറേബ്യയെ കടന്നാക്രമിക്കാന്‍ തങ്ങളുടെ വേട്ടപ്പട്ടികളെ ഇസ്രായില്‍ കയറൂരിവിടുകയാണ്. ഇസ്രായിലിനെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന രക്തദാഹികളായ കൊലയാളികളാല്‍ ചുറ്റപ്പെട്ട, നിലനില്‍പിന് ഭീഷണി നേരിടുന്ന ചെറുരാജ്യമാണ് തങ്ങളെന്ന് ഇസ്രായില്‍ ലോകത്തിനു മുന്നില്‍ വാദിക്കുന്നു. ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായില്‍ തടങ്കല്‍പാളയങ്ങളില്‍ അടച്ചിരിക്കുന്നു. അവരുടെ ഭൂമി ഇസ്രായില്‍ കവര്‍ന്നിരിക്കുകയാണ്. തുറന്ന മുറിവിന് വേദനസംഹാരികള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല. അറബ് സമാധാന പദ്ധതി ഇസ്രായില്‍ അംഗീകരിക്കണം. ഇറാനെ ഒരുമിച്ച് ചെറുക്കാനുള്ള ഏക മാര്‍ഗം ഇതാണെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
1967 ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ പൂര്‍ണമായും പിന്‍വാങ്ങുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരികയും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ അവസരമൊരുങ്ങുകയും ചെയ്യുന്നതിന് പകരം ഇസ്രായിലുമായി അറബ് രാജ്യങ്ങള്‍ പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് അറബ് സമാധാന പദ്ധതി പറയുന്നു. 2002 ബെയ്‌റൂത്ത് അറബ് ഉച്ചകോടിയില്‍ അന്നത്തെ സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവാണ് ഈ പദ്ധതി മുന്നോട്ടുവെച്ചത്. അറബ് ഉച്ചകോടി ഏകകണ്‍ഠേന അംഗീകരിച്ചതിനാല്‍ ഇത് പിന്നീട് അറബ് സമാധാന പദ്ധതിയെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.