റിയാദ് - വൻകിട ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും മസ്ജിദുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിനും നീക്കം. മസ്ജിദുകളിലെ ഇമാം, മുഅദ്ദിൻ തസ്തികകൾ സൗദിവൽക്കരിക്കാനുള്ള പദ്ധതി വൈകാതെ ഇരു മന്ത്രാലയങ്ങളും പ്രഖ്യാപിക്കും. രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും നിരവധി മസ്ജിദുകളിൽ ഇമാമുമാരായും മുഅദ്ദിനുകളായും വിദേശികൾ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണിത്. വാണിജ്യ കേന്ദ്രങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും ഏറെ പ്രാധാന്യമുണ്ട്.
രാജ്യത്തിന്റെ കവാടമെന്നോണം പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളുകളും വാണിജ്യ സമുച്ചയങ്ങളും ടൂറിസ്റ്റുകൾ അടക്കമുള്ളരെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. വൻകിട ഷോപ്പിംഗ് മാളുകളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും മസ്ജിദുകളിൽ സ്വദേശികളായ ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തോട് ഇസ്‌ലാമികകാര്യ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഷോപ്പിംഗ് മാളുകളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും മസ്ജിദുകളിൽ നിയമിക്കാൻ യോഗ്യരായ സ്വദേശികളായ ഇമാമുമാരെയും മുഅദ്ദിനുകളെയും തെരഞ്ഞെടുക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ ഇസ്‌ലാമികകാര്യ മന്ത്രാലയവുയി ഏകോപനം നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.