Sorry, you need to enable JavaScript to visit this website.

പേരു വിവാദം: ഗോള്‍വാള്‍ക്കര്‍ക്ക് എല്ലാ യോഗ്യതയുമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

കാസര്‍കോട്- രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് എം.എസ്. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കം സദുദേശപരമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അവകാശപ്പെട്ടു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതെന്ന് തെരഞ്ഞെടുപ്പ് പര്യടനത്തിന് കാസര്‍കോട് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  ഇതിന്റെ പേരില്‍  വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. വേണ്ട യോഗ്യതകളെല്ലാം ഗോള്‍വാള്‍ക്കറിനുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവുമായി എന്തു ബന്ധമുണ്ടായിട്ടാണ് വള്ളംകളി മല്‍സരത്തിന് നെഹ്‌റുവിന്റെ പേര് നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരാണ്  സംസ്ഥാനത്തെ പല സ്ഥാപനങ്ങള്‍ക്കെന്നും  മുരളീധരന്‍  പറഞ്ഞു. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് ശശി തരൂര്‍ എം.പി ചോദിച്ചിരുന്നു.
മുഖ്യമന്ത്രി പദവിയ്ക്ക് നിരക്കാത്ത അപഹാസ്യമായ പ്രസ്താവന നടത്തുന്നത് നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. കേരള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ തെളിവ് പുറത്തുവിടാന്‍ പിണറായി തയ്യാറാകണം.
ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് എതിരെയുള്ള അന്വേഷണമാണോ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ എവിടെയും സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ നീക്കം നടത്തിയിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുതിര കയറിയാല്‍ അന്വേഷണം അവസാനിപ്പിക്കുമെന്ന് ആരും കരുതേണ്ട. സ്വന്തം ആള്‍ക്കാരുടെ കാര്യത്തില്‍ അന്വേഷണം വരുമ്പോഴാണോ എതിര്‍പ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വര്‍ണം ആരാണ് കൊടുത്തുവിട്ടതെന്നും  ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന കാര്യവും വ്യക്തമാവുക പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നല്‍കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം. വര്‍ഗീയ വിഭജനം ഉണ്ടാക്കാനുളള നീക്കമാണെന്ന ആരോപിച്ച് സി.പി.എമ്മും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.
തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. ആക്കുളത്തുള്ള പുതിയ ക്യാംപസ് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും ക്യാംപസിന് 'ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍' എന്നു പേരു നല്‍കുമെന്ന് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധനാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.  
ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമാണിതെന്നും രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സി.പി.എം വ്യക്തമാക്കി. ആര്‍.എസ്.എസിന്റെ കുല്‍സിത നീക്കമാണെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആരോപിച്ചത്.  ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് വര്‍ഗീയത വളര്‍ത്താനേ സഹായിക്കുകയുള്ളൂവെന്നും രണ്ടാമത്തെ ക്യാംപസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 

 

Latest News