റിയാദ് - കൊറോണ മഹാമാരി നീങ്ങിയ ശേഷവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് ആലുശൈഖ് പറഞ്ഞു. മഹാമാരിക്കിടെയും മഹാമാരിക്കു ശേഷവും എല്ലാ സാഹചര്യങ്ങളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി പ്രയോജനപ്പെടുത്തും. അന്താരാഷ്ട്ര പരീക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷനും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണമേന്മ ഉയര്‍ത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന് ആവശ്യമായ പിന്തുണയും സഹായവും എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷന്‍ നല്‍കുമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡോ. ഹുസാം അബ്ദുല്‍വഹാബ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവുമായി കമ്മീഷന്‍ നിരന്തരം ആശയവിനിമയം നടത്തുകയും സംയുക്ത മീറ്റിംഗുകള്‍ ചേരുന്നുമുണ്ട്. ഇതെല്ലാം നിസ്സംശയമായും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകീകരണം സാക്ഷാല്‍ക്കരിക്കുകയും ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നതായി ഡോ. ഹുസാം അബ്ദുല്‍വഹാബ് പറഞ്ഞു.