മീൻ രുചികളിലൂടെ നാടിനെ കണ്ടെത്താനുള്ള സഫലയാത്രയാണ് റസൽ ഷാഹുലിന്റെ രുചി മീൻ സഞ്ചാരം. യാത്രകളെപ്പോഴും സന്തോഷകരമാണ്. നല്ല രുചിയാകട്ടെ ഉള്ളകങ്ങളെ രമിപ്പിക്കും. അപ്പോൾ രുചികളിലൂടെയുള്ള ഒരു സഞ്ചാരമായാലോ? പറഞ്ഞറിയിക്കാൻ ആകാത്തതാകും ആ അനുഭൂതി.
മുന്നിലിപ്പോൾ റസൽ ഷാഹുലെന്ന ഫോട്ടോ ജേണലിസ്റ്റിന്റെ 'രുചി മീൻ സഞ്ചാരം' എന്ന പുസ്തകത്തിന്റെ പുതുമ മാറാത്ത പതിപ്പ്. പേരിൽ തുടങ്ങുന്ന പുതുമ ഉൾത്താളുകളിലേക്കും നല്ലൊരു മീൻ കറിമണത്തോടെ പടർന്നു കയറുന്നു. എത്രയെത്ര മീൻ വിഭവങ്ങളാണ് നമ്മുടെ രുചിമുകുളങ്ങളെ പ്രചോദിപ്പിക്കാനായി ഇവിടെ തിളച്ചുകൊണ്ടിരുക്കുന്നത്.
രുചിമീൻ സഞ്ചാരത്തെ രുചിയുടെ കള്ളിയിലൊതുക്കാനാകില്ല. സഞ്ചാരത്തിന്റെയും കള്ളിയിലൊതുങ്ങില്ല. കേരളത്തിലെ മീൻ രുചികളിലൂടെ ഒരു നാടിന്റെ സംസ്‌കൃതി തിരയുന്ന സാധനാപൂർണമായ യാത്രയെന്നു പറയാം. ഒരർഥത്തിൽ മീനുകളിലൂടെയുള്ള നാടിനെ കണ്ടെത്തൽ. കേരളവും മീനുകളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥയാണ് ഈ പുസ്തകമെന്ന് പിൻ കുറിപ്പിൽ അനിത നായർ പറയുന്നത് വെറുതെയല്ല.
ഈ പുസ്തകത്തിനുവേണ്ടി ഗ്രന്ഥകാരൻ നടത്തിയ യാത്രയെക്കുറിച്ച് അത്ഭുതം തോന്നാം. നീലേശ്വരത്തെ കവ്വായി കായലിൽ ആരംഭിച്ച യാത്ര അവസാനിച്ചത് തിരുവനന്തപുരത്തെ പാർവതി പുത്തനാറിൽ. ഇതിനിടയിൽ താണ്ടിയത് എല്ലാ ജില്ലകളിലേയും പ്രധാന നദികൾ, കായലുകൾ, ഡാമുകൾ , വയലുകൾ , കുളങ്ങൾ... തൊട്ടറിഞ്ഞത് എത്രയോ തരം മീനുകളുടെ ചെകിളപ്പൂക്കൾ. 14 മാസങ്ങൾ നീണ്ട യാത്രയിൽ പിന്നിട്ടത് 4500 കിലോമീറ്ററുകൾ. മനോരമ ട്രാവലറിലെ 'ഫിഷ് ട്രയിൽ ഓഫ് കേരള' എന്ന കോളത്തിലൂടെ ഈ മീൻരുചിയുടെ വശ്യതയും ചിത്ര ചാരുതയും വായനക്കാരിൽ പലരും നേരത്തേ തന്നെ ഏറ്റെടുത്തതാണ്.
ഫോട്ടോഗ്രഫിയിലും പാചകത്തിലും മാത്രമല്ല റസലിനു സിദ്ധിയെന്ന് ഈ പുസ്തകം വിളിച്ചുപറയുന്നുണ്ട്. തിളങ്ങുന്ന ഓരോ മീനിനോടും റസലിന്റെ മനസ്സ് സംസാരിച്ചിട്ടുണ്ടാകണം. ആ പൊരുത്തം ഇതിലെ കുറിപ്പുകളുടെ ആന്തരിക ഭംഗിയായി വിളങ്ങുന്നുണ്ട്. ഓരോ ജില്ലയിലേയും വ്യത്യസ്ത മീൻരുചികളുടെ പാചകക്കുറിപ്പുകൾ രുചിമീൻ സഞ്ചാരത്തിന്റെ ഹൈലൈറ്റാണ്. ഞാനൊരു യാത്രാപ്രേമിയല്ല. അയലയും മത്തിയുമൊഴികെയുള്ള മീനുകളൊന്നും വല്ലാതെ ഭ്രമിപ്പിക്കാറുമില്ല. പക്ഷെ, റസലിന്റെ വാക്കുകളിലൂടെ ഞാൻ സഞ്ചരിച്ച വഴികളിൽ നാവിലുറിയ മീൻ രുചികൾ എന്നെ ഉന്മാദിയാക്കുന്നു; പ്രിയ വായനക്കാരാ, നിങ്ങൾക്കും അങ്ങനെയാകും എന്നുറപ്പ്.
രുചി മീൻ സഞ്ചാരം
റസൽ ഷാഹുൽ
ഡിസി ബുക്‌സ്
325 രൂപ.