റിയാദ്- പ്രമുഖ അറബ് എഴുത്തുകാരനും നോവലിസ്റ്റുമായ ബദ്‌രിയ അല്‍ ബിശ്റിന്റെ പുതിയ നോവലില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന വായനക്കാരുടെ പരാതിയെ തുടര്‍ന്ന് സൗദി അധികൃതര്‍ പുസ്തകത്തിന്റെ വില്‍പന തടഞ്ഞു. സൗദി സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിഷയമാക്കാറുള്ള ബിശ്റിന്റെ 'വ്യാഴാഴ്ച സന്ദര്‍ശകര്‍' എന്ന നോവലിനാണ് വിലക്ക്. സാംസ്‌കാരിക മന്ത്രാലയം ഈ പുസ്തകം പിന്‍വലിക്കുകയും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
സ്ത്രീകളുടെ സന്തോഷങ്ങളും ദുഖങ്ങളും പങ്കുവെക്കുന്ന വ്യാഴാഴ്ചകളില്‍ നടക്കുന്ന കൂടിച്ചേരലുകളിലൂടെ തന്നെ സ്വയം തിരിച്ചറിയുന്ന ഒരു യുവതിയുടെ യാത്രയാണ് നോവലിന്റെ ഇതിവൃത്തം. എന്നാല്‍ ചിലയിടങ്ങളില്‍ ലൈംഗിക വിവരണങ്ങള്‍ കൂടിപ്പോയി എന്ന പരാതി ഉയര്‍ന്നു. ട്വിറ്ററില്‍ നിരവധി പൗരന്മാരാണ് ഈ പുസ്തകത്തിലെ ഉള്ളടക്കത്തിനെതിരെ രംഗത്തു വന്നത്.
കുട്ടികളുടെ പുസ്തകങ്ങള്‍ക്കിടയില്‍ എങ്ങനെ ഈ പുസ്തകം വെക്കാന്‍ കഴിയുമെന്നാണ് ഒരു സൗദി വായനക്കാരന്‍ പ്രമുഖ ബുക്സ്റ്റോര്‍ ശൃംഖലയായ ജരീറിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചോദിച്ചത്. പുസ്തകം പിന്‍വലിച്ചതായി ജരീര്‍ ട്വിറ്ററില്‍ മറുപടി നല്‍കുകയും ചെയ്തു. പുസ്തകം പിന്‍വലിച്ചതു സംബന്ധിച്ച് നോവലിസ്റ്റ് ബിശ്ര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.