Sorry, you need to enable JavaScript to visit this website.

റെയിൽവെ ഗതാഗത നിയമം  ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ

റിയാദ്-  നിയമ ലംഘകർക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ റെയിൽവെ ഗതാഗത നിയമം പ്രാബല്യത്തിൽ. റെയിൽവെ ട്രാക്ക് മറ്റു ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ പിഴയാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. റെയിൽവെ ട്രാക്ക് പരിധിയിൽ ആളുകൾ നിൽക്കൽ, വാഹനങ്ങളും ഉപകരണങ്ങളും നിർത്തൽ, കന്നുകാലികളും മൃഗങ്ങളും നിൽക്കൽ, റെയിൽവെ ട്രാക്ക് മുറിച്ചുകടക്കൽ, റെയിൽവെ പാലം മുറിച്ചുകടക്കൽ, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ ട്രാക്ക് മുറിച്ചുകടക്കാനും ട്രാക്കിലൂടെ നടക്കാനും മൃഗങ്ങളെ അനുവദിക്കൽ, ട്രാക്കിന്റെ സംരക്ഷണ വേലി മറികടക്കൽ, വേലി മുറിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും രണ്ടു ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. 


റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള കേബിളുകളും മറ്റും മുറിക്കൽ, നശിപ്പിക്കൽ, അവ ദുരുപയോഗിക്കൽ, നിയമ ലംഘനങ്ങൾ പിടികൂടുന്ന ഉദ്യോഗസ്ഥരെ കൃത്യനിർവഹണം നടത്തുന്നതിൽനിന്ന് തടയൽ, റെയിൽവെ ട്രാക്ക് പരിധി കൈയേറൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും. റെയിൽവെ ട്രാക്ക് മുറിക്കൽ, ഇളക്കിമാറ്റൽ, മോഷ്ടിക്കൽ, റെയിൽവെ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റു പശ്ചാത്തല സൗകര്യങ്ങളും സജ്ജീകരണങ്ങളും പൂർണമായോ ഭാഗികമായോ മോഷ്ടിക്കൽ, കരുതിക്കൂട്ടി നശിപ്പിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് രണ്ടു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. 

Latest News