Sorry, you need to enable JavaScript to visit this website.

പത്തു മക്കളായിട്ടും ഭാര്യയുടെ മുഖം ഇതുവരെ കണ്ടില്ല; സൗദിയില്‍നിന്നൊരു അവിശ്വസനീയ കഥ-video

റിയാദ് - ദാമ്പത്യബന്ധത്തില്‍ പത്തു മക്കള്‍ പിറന്നെങ്കിലും 47 വര്‍ഷമായി ഭാര്യയുടെ മുഖം ഒരിക്കല്‍ പോലുംകണ്ടിട്ടില്ലെന്ന സൗദി വയോധികന്റെ വെളിപ്പെടുത്തല്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.   തനിക്ക് പത്തു മക്കളുണ്ടെന്നും എന്നാല്‍ ഭാര്യയുടെ മുഖം ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും സൗദി പൗരന്‍ വെളിപ്പെടുത്തുന്നു.
സ്വന്തം മുഖം ആരും കാണാന്‍ ഭാര്യ ആഗ്രഹിക്കുന്നില്ല. ഇത് അവളുടെ സ്വഭാവവും പാരമ്പര്യവുമാണെന്നാണ് 47 വര്‍ഷമായിട്ടും ഭാര്യയുടെ മുഖം കാണാത്തതിനെ കുറിച്ച് ഇദ്ദേഹത്തിന്റെ മറുപടി.

നാലര ദശകത്തിലേറെ കാലം പിന്നിടുകയും പത്തു മക്കളെ പ്രസവിക്കുകയും ചെയ്ത ദാമ്പത്യബന്ധത്തില്‍ സ്വന്തം ഭര്‍ത്താവിനു മുന്നില്‍ ഇതുവരെ മുഖം കാണിക്കാത്ത സൗദി വനിതയുടെ സ്വഭാവത്തെ നിരവധി പേര്‍ പരിഹസിച്ചു. എന്നാല്‍ ചില ഗോത്രങ്ങളില്‍ ഇത്തരം ആചാരങ്ങളും പാരമ്പര്യങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും ഇതാണ് ഭര്‍ത്താവിനു മുന്നില്‍ പോലും അവര്‍ മുഖം വെളിപ്പെടുത്താത്തതെന്നും മറ്റു ചിലര്‍ പറഞ്ഞു.

ഈ ആചാരം സൗദിയിലും യെമനിലെ മാരിബിലും വ്യാപകമാണെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. തന്റെ മാതൃസഹോദരിയുടെ മുഖം താനോ അവരുടെ മക്കളോ ഭര്‍ത്താവോ ഇന്നു വരെ കണ്ടിട്ടില്ല. 43 വയസ് പ്രായമുള്ള മാതൃസഹോദരിയുടെ വിവാഹം 26 വര്‍ഷം മുമ്പ് കഴിഞ്ഞതാണ്. മാതൃസഹോദരി ആര്‍ക്കു മുന്നിലും മുഖം വെളിപ്പെടുത്താതിരിക്കാനുള്ള കാരണം എന്താണെന്ന് തനിക്കും അറിയില്ല. തന്റെ മാതാവും മറ്റു സഹോദരിമാരും അങ്ങിനെ ചെയ്യാറില്ലെന്നും സാമൂഹികമാധ്യമ ഉപയോക്താവ് പറഞ്ഞു.

സ്വന്തം പിതാവിനും ഭര്‍ത്താവിനും മുന്നില്‍ മുഖം വെളിപ്പെടുത്താത്ത വനിതകള്‍ ചില ഗോത്രങ്ങളിലുണ്ടെന്ന് സാമൂഹികമാധ്യമ ഉപയോക്താവായ വനിത പറഞ്ഞു. ഇത്തരത്തില്‍ പെട്ട നിരവധി കഥകള്‍ താന്‍ കേട്ടിട്ടുണ്ട്. സമാനമായ ഒരു കഥ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ തങ്ങള്‍ അത് വിശ്വസിച്ചിരുന്നില്ല. അധ്യാപകന്‍ പറഞ്ഞ കഥ ശരിയാണെന്ന് തനിക്ക് പിന്നീട് ബോധ്യമായി. ഇത്തരം ഗോത്രങ്ങള്‍ റിയാദിനു സമീപവും പരിസരപ്രദേശങ്ങളിലുമാണ് താമസിക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്നും ഇവര്‍ പറഞ്ഞു.

 

Latest News