റിയാദ് - അമിത വണ്ണം ജീവിതം ദുരിതപൂർണമാക്കിയെന്ന് 270 കിലോയിലധികം തൂക്കമുള്ള സൗദി പൗരൻ ഖാലിദ് അൽഗുശൈരി. നിലവിൽ സൗദിയിൽ ഏറ്റവും വണ്ണം കൂടിയ വ്യക്തിയാണ് ഖാലിദ് അൽഗുശൈരി. അമിത വണ്ണവും അനുബന്ധ രോഗങ്ങളും കാരണം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഖാലിദ് അൽഗുശരിയുടെ മാനസികാരോഗ്യ നിലയും വഷളായിട്ടുണ്ട്.
തനിക്ക് ഒറ്റക്ക് ചലിക്കാനും സഞ്ചരിക്കാനും കഴിയുന്നില്ലെന്ന് ഖാലിദ് അൽഗുശൈരി പറയുന്നു. അമിത വണ്ണത്തിന് ഫലപ്രദമായ ചികിത്സയില്ലാത്തതിനാൽ തന്റെ ശാരീരിക, മാനസിക ആരോഗ്യനില വഷളായിട്ടുണ്ട്. സഞ്ചരിക്കാനുള്ള പ്രയാസം മൂലം ആശുപത്രികളെ സമീപിക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതൊക്കെ സഹിച്ച് ആശുപത്രികളിൽ എത്തിയാൽ തന്നെ അമിത വണ്ണം കുറക്കുന്നതിന് ഫലപ്രദമായ ചികിത്സകളോ പോംവഴികളോ ഇല്ലാത്ത സ്ഥിതിവിശേഷമാണ്.
ഇതേ രോഗം ബാധിച്ച് ആരോഗ്യനില മോശമായാണ് തന്റെ സഹോദരൻ മരണപ്പെട്ടത്. ഇതേ ഗതി തനിക്കും സംഭവിക്കുമോയെന്ന ഭീതിയിലാണ് താനെന്നും അൽഗുശൈരി പറയുന്നു.