കൊച്ചി- കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി എ.പി.എം മുഹമ്മദ് ഹനീഷ് ചുമതലയേറ്റു. കെ.എം.ആർ.എൽ ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ എം.ഡി ഏലിയാസ് ജോർജ് സ്ഥാനം കൈമാറി. മെട്രോ സർവീസ് പേട്ടയിലേക്ക് നീട്ടുന്നതിനും ജലമെട്രോ പദ്ധതിക്കും പ്രത്യേക പരിഗണന നൽകി മുന്നോട്ട് പോകുമെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.യാത്ര നിരക്കുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ആവശ്യമാണ്. രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യം ചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കും. ഈ സ്ഥാനത്തിരിക്കുമ്പോൾ സ്ഥലമേറ്റെടുക്കലും സാങ്കേതിക പ്രശ്‌നങ്ങളുമടക്കം ദുഷ്‌കരമായ ഒരുപാട് കാര്യങ്ങൾ തനിക്ക് മുന്നിൽ ഉണ്ടെന്നറിയാം. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. എറണാകുളം ജില്ല കലക്ടർ, പൊതുമരാമത്ത് സെക്രട്ടറി, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻെറ ചുമതല എന്നിവ വഹിച്ചതാണ് ഇതിന് മുതൽക്കൂട്ടായി തനിക്കുള്ളത്. സംസ്ഥാനത്ത് ഇന്ന് കാണുന്ന നിരവധി നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നിലവിൽ കൊച്ചി സ്മാർട്ട്‌സിറ്റിയുടെ സി.ഇ.ഒ സ്ഥാനം താനാണ് വഹിക്കുന്നത്. സ്മാർട്ട്‌സിറ്റിയുടെ നിരവധി പദ്ധതികൾ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടുണ്ട്. അതെല്ലാം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും. വാട്ടർമെട്രോ വളരെ പ്രാധാന്യമുള്ള ഒരു പദ്ധതിയാണ്. സ്മാർട്ട്‌സിറ്റിയും മെട്രോ റെയിലും സംയോജിപ്പിച്ചുകൊണ്ട് സംസാരിക്കുമ്പോൾ കൂടുതൽ പ്രാധാന്യം വാട്ടർമെട്രോക്കുണ്ട്. എല്ലാവരും അഭിമാനത്തോടെ കാണുന്ന ഒരു പ്രസ്ഥാനമായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞു.