Sorry, you need to enable JavaScript to visit this website.

ടോളിലെ കൊള്ളയ്ക്ക് വോട്ടിലൂടെ മറുപടി; വേറിട്ട പ്രതിഷേധവുമായി ജനകീയ മുന്നണി

തൃശൂർ - പാലിയേക്കര ടോളിലെ കരാറനുസരിച്ചുള്ള പ്രാദേശിക യാത്രാ സൗജന്യ നിഷേധത്തിനെതിരെ ജനകീയ പ്രതിഷേധം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ യാതൊരു നടപടികളും സ്വീകരിക്കാത്തതിനാൽ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണിയുടെയും രാഷ്ട്രീയ പിന്തുണയില്ലാത്തവരും എതിർത്ത് നിൽക്കുന്നവരുമായ സ്ഥാനാർഥികളെ പിന്തുണക്കുക എന്ന ആശയമാണ് ടോൾ വിരുദ്ധ ജനകീയ മുന്നണി മുന്നോട്ടു വെക്കുന്നത്. മുന്നു മുന്നണികളുടെയുമല്ലാതെ സ്ഥാനാർഥികൾ ഇല്ലാത്ത പ്രദേശങ്ങളിൽ നോട്ടക്ക് വോട്ടു നൽകി പ്രതിഷേധം അറിയിക്കാനാണ് ജനകീയ മുന്നണി ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രാദേശിക പാസുകൾ പുതുക്കാതിരിക്കുന്നതും പുതിയ വാഹനം രജിസ്‌ട്രേഷൻ നടത്തണമെങ്കിലും ഇൻഷുറൻസ് എടുക്കണമെങ്കിലും ഫാസ്ടാഗ് നിർബന്ധമാക്കിയതും ജനദ്രോഹമാണെന്ന് മുന്നണി ചൂണ്ടിക്കാട്ടി.

കുതിരാൻ തുരങ്കനിർമാണം മുതൽ സർവീസ് റോഡുകളുടെ നിർമാണം അടക്കം നിരവധി കരാർ ലംഘനങ്ങൾ നടത്തിയ ടോൾ കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും ജനദ്രോഹമാണെന്നു പ്രതിഷേധക്കാർ ഉന്നയിക്കുന്നു. പത്തിൽ പരം സ്വതന്ത്ര സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി അവർക്കു സ്വീകരണവും പിന്തുണയും നൽകിയ ചടങ്ങിൽ തദ്ദേശീയ ടോൾ  വിരുദ്ധ ജനകീയ മുന്നണി ഭാരവാഹികളായ പ്രിൻസൻ അവിണിശ്ശേരി, പ്രിൻസ് പോൾ തെക്കത്, സുനിൽ സൂര്യ, രതിസുനിൽ, ജോയ് പണ്ടാരി, ജോസ് ജെ.മഞ്ഞളി, ജാക്‌സൺ ചുങ്കത്ത്, നിഖിൽ ചന്ദ്രശേഖരൻ, രശ്മി, ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Latest News