കൊച്ചി- സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയിക്കാൻ തങ്ങൾക്കാണ് അവകാശമെന്ന മാനേജ്‌മെന്റുകളുടെ വാദം ഹൈക്കോടതി തള്ളി. സർക്കാരിന്റെ 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന നിയമത്തിലെ ഈ വ്യവസ്ഥ ശരിവെച്ചാണ് ഡിവിഷൻ ബെഞ്ച് വിധി. ഈ വ്യവസ്ഥ ഉൾപ്പെടെ നിയമത്തിലെ ബഹുഭൂരിപക്ഷ വകുപ്പുകളും ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ്, ജസ്റ്റിസ് രാജാ വിജയരാഘവൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചിട്ടുണ്ട്. എന്നാൽ മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമത്തിലെ വ്യവസ്ഥ കോടതി റദ്ദാക്കി.
ഫീസ് നിർണയത്തിനുള്ള സമിതിയുടെ അധികാരങ്ങൾ കോടതി ശരിവെച്ചു. മാനേജ്‌മെന്റുകൾക്ക് ഫീസ് നിർദേശിക്കാൻ മാത്രമേ അവകാശമുള്ളൂ. ഫീസ് നിശ്ചയിക്കേണ്ടത് സമിതി തന്നെയാണെന്നും ഇക്കാര്യത്തിൽ മോഡേൺ ഡെന്റൽ കോളേജ് കേസിലെ സുപ്രീം കോടതി വിധി മാനേജ്‌മെന്റുകൾക്ക് ബാധകമാണെന്നും കോടതി പറഞ്ഞു. ഫീസ് തങ്ങൾ നിശ്ചയിക്കുമെന്നും അതിൽ അമിതലാഭവും തലവരിയും ഉണ്ടോയെന്നു മാത്രം പരിശോധിക്കാനേ സമിതിക്ക് അധികാരമുള്ളൂ എന്ന വാദം കോടതി തള്ളി.
നിയമത്തിനു വിരുദ്ധമായ നടപടികൾ സ്വീകരിക്കുന്ന മാനേജ്‌മെന്റുകൾക്കെതിരെ നടപടി എടുക്കാൻ സമിതിക്ക് അധികാരം നൽകുന്ന വകുപ്പ് കോടതി ശരിവെച്ചു. പൊതുപ്രവേശന പരീക്ഷാ യോഗ്യത മാനദണ്ഡമാക്കിയാവണം പ്രവേശന വ്യവസ്ഥയും ഫീസ് നിർണയ മാനദണ്ഡങ്ങൾ വിവരിക്കുന്ന വകുപ്പും കോടതി ശരിെവച്ചു.താൽക്കാലികമായി ഫീസ് നിർണയിക്കാൻ സമിതിക്ക് അധികാരം നൽകുന്ന വകുപ്പ് കോടതി അസാധുമാക്കി. താൽക്കാലികമായി സമിതി നിശ്ചയിക്കുന്ന ഫീസ് ശരിവയ്ക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയും കോടതി അസാധുവാക്കി. ഈ വർഷം താൽക്കാലിക ഫീസ് നിശ്ചയിച്ചു. ഇതിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു.പത്ത് അംഗങ്ങളുടെ ഫീസ് നിർണയ സമിതി പുനഃസംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. അഞ്ച് അംഗ സമിതിയാണ് സുപ്രീം കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. പത്തംഗ സമിതിയുടെ ക്വാറം നാല് ആയി നിശ്ചയിച്ച വ്യവസ്ഥയും അസാധുവാക്കി.
ഫീസ് നിർണയ സമിതി മുമ്പാകെ ഫീസ് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാനും സമിതിക്ക് തീരുമാനം കൈക്കൊള്ളാനും അടുത്ത വർഷം മുതൽ പാലിക്കേണ്ട സമയക്രമവും കോടതി നിർദേശിച്ചു. നവംബർ 15നകം ഫീസ് നിർദേശത്തിന് മാനദണ്ഡമാക്കുന്ന രേഖകളും മറ്റു വിവരങ്ങളും മാനേജ്‌മെന്റ് ഫീസ് നിർണയ സമിതിക്കു കൈമാറണം. ഡിസംബർ 15ന് മുമ്പ് കമ്മിറ്റി കൂടുതൽ രേഖകൾ ആവശ്യപ്പെടും. കൂടുതൽ രേഖകൾ ഡിസംബർ 30നകം സമർപ്പിക്കണം. ഫെബ്രുവരി 15നകം ഫീസ് നിർണയിക്കണം. ഫീസ് നിർണയത്തിനെതിരെ അപ്പീലുകൾ മാർച്ച് 15നകം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് നിർദേശം.
സർക്കാരിന്റെ പുതിയ സ്വാശ്രയ മെഡിക്കൽ പ്രവേശന നിയമം ചോദ്യം ചെയ്ത് സ്വകാര്യ മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹരജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.