തലശ്ശേരി- ജില്ലാ കോടതിയുടെ മതിൽ പൊളിച്ചു അപകടവളവ് നിവർത്താൻ അനുമതി. കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ ജില്ലാ കോടതിക്കടുത്ത അപകട വളവ് നിവർത്താൻ കോടതിയുടെ വടക്കുഭാഗത്തെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ച് നീക്കി റോഡ് വീതി കൂട്ടാൻ തീരുമാനമായി. വർഷങ്ങളായുള്ള നാടിന്റെ മുറവിളിക്കൊടുവിൽ ഹൈക്കോടതി സമ്മതം നൽകിയതോടെ റോഡ് വീതി കൂട്ടാനുള്ള പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കും. ഇതിനായുള്ള സർവ്വേ പ്രവർത്തനങ്ങൾക്കായി തുടക്കമിട്ടു കഴിഞ്ഞു.
കോടതി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ ഈ ഭാഗത്ത് തിരക്കൊഴിയാറില്ല.വക്കീലന്മാരുടെയും കക്ഷികളുടെയും പരക്കംപാച്ചിലിനിടയിൽ നിരവധി റോഡപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. ഒട്ടും വീതിയില്ലാത്ത സ്ഥലമാണ് ഇപ്പോൾ മതിൽ പൊളിച്ച് വീതി കൂട്ടാൻ തയ്യാറെടുക്കുന്നത്. മൂന്ന് വർഷം മുൻപ് ഇവിടത്തെ കോടതി കോമ്പൗണ്ടിൽ മീഡിയേഷൻ സെന്ററിനായി ഇരുനില കെട്ടിടം പണിയുന്നതിന് മുൻപെ തന്നെ റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടുനൽകണമെന്ന് അപേക്ഷിച്ച് അഭിഭാഷകനായ ദിവാകരൻ കണ്ടോത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വക്കീലന്മാരും തലശ്ശേരിയിലെ പൊതുപ്രവർത്തകരായ ആലുപ്പികേയി, ശശികുമാർ കല്ലിടുംബിൽ, സജീവൻ മാണിയത്ത്, കെ.വി.ഗോകുൽദാസ് എന്നിവരും ജനപക്ഷത്ത് നിന്ന് നിയമ പോരാട്ടം തുടങ്ങിയിരുന്നു. അന്നത്തെ ജില്ലാ ജഡ്ജിയെ നേരിൽ കണ്ടും ഹൈക്കോടതിയിൽ പ്രത്യേക ഹരജി നൽകിയും ഇവർ ഇടവേളകളില്ലാതെ ഇടപെടൽ നടത്തിയെങ്കിലും നീതിപീഠങ്ങൾ കനിഞ്ഞില്ല. ഇതിനിടയിൽ ദേശീയ പാതയിലെ അപകട വളവുകൾ സന്ദർശിച്ച റോഡ് സേഫ്റ്റി കമ്മീഷണർ തലശ്ശേരി ജില്ലാ കോടതി വളവ് അടിയന്തരമായി വീതി വയ്പിക്കണമെന്ന് നിർദ്ദേശിച്ചു. തത്സമയം പ്രശ്‌നത്തിലിടപെട്ട ദേശീയപാതാ വിഭാഗവും പൊതു പ്രവർത്തകരും കോടതി വളവിന്റെ അപകടാവസ്ഥ വീണ്ടും ഹൈക്കോടതിയുടെയും തലശ്ശേരി ജില്ലാ കോടതിയുടെയും ശ്രദ്ധയിലെത്തിച്ചു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ജില്ലാ ജഡ്ജി ആർ.രഘു അനുകൂല നിലപാട് സ്വീകരിച്ചതോടെ വഴിമുടക്കി നിന്ന തടസ്സങ്ങൾ ഓരോന്നായി നീങ്ങി. ഒടുവിൽ ജനകീയ ആവശ്യത്തിന് ഹൈക്കോടതിയും കൂടെ നിന്നതോടെ നാടിന്റെ യാത്രാ വഴിയിലെ ദുർഘടങ്ങൾ വഴി മാറുകയാണ്.